രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ഗൂഢാലോചന സാധ്യത തള്ളാനാവില്ലെന്ന് റിപ്പോര്‍ട്ട്

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ രാജ്യസഭ എംപിയുമായ രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലുള്ള ഗൂഢാലോചന സാധ്യത തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി നിയമിച്ച അന്വേഷണ സമിതി. ജസ്റ്റിസ് എ കെ പട്‌നായിക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ തലത്തിലും ഭരണ തലത്തിലും രഞ്ജന്‍ ഗൊഗോയ് എടുത്ത കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

അസം എന്‍ആര്‍സി കേസിലെ ഗോഗോയി എടുത്ത കടുത്ത നിലപാടും ഗൂഢാലോചനയ്ക്ക് കരണമായിട്ടുണ്ടാക്കാമെന്ന് ഐ ബി റിപ്പോര്‍ട്ട് നല്‍കിയെന്നും സുപ്രീം കോടതി പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു കൊണ്ട് തുടരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.

രണ്ട് വര്‍ഷം മുമ്പ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഈ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനോട് ഗൂഢാലോചന പരാതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരിക്കാമെന്ന് അറിയിച്ചത്.

Top