36 ദിവസത്തിനിടെ സുപ്രീം കോടതി തീര്‍പ്പാക്കിയത് 6844 കേസുകള്‍

ഡൽഹി: രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. കഴിഞ്ഞ മാസം ഒൻപതിനാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്.

നവംബർ ഒൻപതു മുതൽ ഡിസംബർ 16 വരെയുള്ള ദിവസങ്ങളിൽ 6844 കേസുകൾ തീർപ്പാക്കിയതായി സുപ്രീം കോടതി ഭരണവിഭാഗം അറിയിച്ചു. 5898 കേസാണ് ഈ കാലയളവിൽ ഫയൽ ചെയ്തത്.

ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം കോടതി നേട്ടം കൈവരിച്ചത്. ട്രാൻസ്ഫർ പെറ്റിഷനുകളും ജാമ്യഹർജികളും തീർപ്പാക്കുന്നതിൽ മുൻഗണന നൽകുമെന്ന് സ്ഥാനമേറ്റതിനു പിന്നാലെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകൾ പ്രാധാന്യത്തോടെ കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

Top