SC approves Governor’s order to dismiss MG university VC

ന്യൂഡല്‍ഹി: സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി പവിത്രമായ പദവിയാണെന്നും പ്രാദേശിക എംഎല്‍എമാരുടെ ശുപാര്‍ശ കത്ത് വാങ്ങി നേടേണ്ട സ്ഥാനമല്ല അതെന്നും സുപ്രീംകോടതി. എംജി സര്‍വകലാശാല വിസി സ്ഥാനത്ത് നിന്ന് എ വി ജോര്‍ജിനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എ വി ജോര്‍ജിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ബയോഡാറ്റകളില്‍ തെറ്റായ യോഗ്യതാ വിവരങ്ങള്‍ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2014 മെയിലാണ് എംജി സര്‍വകലാശാല വിസി സ്ഥാനത്ത് നിന്ന് എ വി ജോര്‍ജിനെ കേരള ഗവര്‍ണര്‍ പുറത്താക്കിയത്. ഇതിനെതിരെ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കിയിരുന്നില്ല. തുടര്‍ന്ന് എ വി ജോര്‍ജ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കാന്‍ തയ്യാറായില്ല. വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചപ്പോള്‍ നല്‍കിയ മൂന്ന് ബയോഡാറ്റകളിലും കാസര്‍കോഡുള്ള കേന്ദ്രസര്‍വകലാശാലയില്‍ എര്‍ത്ത് സയന്‍സ് വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു എന്ന തെറ്റായ വിവരമാണ് നല്‍കിയതെന്ന് സുപ്രീംകോടതി പറഞ്ഞു.

വിസി സ്ഥാനം പവിത്രമായ പദവിയാണ്. രാഷ്ട്രീയക്കാരുടെയും പ്രാദേശിക എംഎല്‍എമാരുടെയും ശുപാര്‍ശ കത്തുകള്‍ ഉണ്ട് എന്നുള്ളത് വിസി സ്ഥാനത്തിരിക്കാനുള്ള യോഗ്യത ആകില്ലെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Top