SC allows Gujarat police to file charge sheet against Hardik Patel

ന്യൂഡല്‍ഹി: പോലീസുകാരെ കൊലപ്പെടുത്താനും ഗുജറാത്ത് സര്‍ക്കാരിനെതിരേ കലാപം നടത്താനും ആഹ്വാനം ചെയ്ത പട്ടിതര്‍ ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് തിരിച്ചടി. കേസില്‍ പട്ടേല്‍ സംവരണ നായകന്‍ ഹാര്‍ദിക് പട്ടേലിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. വെള്ളിയാഴ്ച വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണു നിര്‍ദേശം. കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി തേടി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി

രാജ്യദ്രോഹം, ഗുജറാത്ത് സര്‍ക്കാരിനെതിരെ യുദ്ധം സംഘടിപ്പിക്കുക, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ഒരു പൊലീസുകാരനെ കൊല്ലാന്‍ അനുയായികളെ പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹാര്‍ദിക്കിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ, രാജ്യദ്രോഹം ഒഴിച്ചുള്ള വകുപ്പുകള്‍ എഫ്.ഐ.ആറില്‍ നിന്നും നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്രെ കരട് പരിശോധിക്കാന്‍ ജസ്റ്റിസ് ജെ.എസ്.ഖേഹറും സി.നാഗപ്പനും അടങ്ങിയ രണ്ടംഗ സുപ്രീകോടതി ബെഞ്ച് വിസമ്മതിച്ചു. കരട് പരിശോധിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട ബെഞ്ച് വിചാരണ കോടതിയ്ക്കു മുന്‍പാകെ ജനുവരി 8നു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാമെന്ന് നിര്‍ദ്ദേശിച്ചു. കുറ്റപത്രത്തിന്രെ ഒരു പകര്‍പ്പ് പ്രതിഭാഗം അഭിഭാഷകന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജ്യദ്രോഹക്കുറ്റം തളളാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഹാര്‍ദിക് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഒക്ടോബര്‍ 22നാണ് ഹാര്‍ദിക്കിനും മറ്റ് അഞ്ച് പ്രക്ഷോഭ നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ ഹാദിക് അടക്കം നാലു പേര്‍ ഇപ്പോള്‍ ജയിലിലാണ്. രണ്ട് പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

Top