എസ്സി-എസ്ടി കേസിലെ വിധി:പുനഃപരിശോധനയ്ക്ക് അംഗീകാരം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ രണ്ടംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഹര്‍ജി, വിശദമായ പരിശോധനയ്ക്ക് മൂന്നംഗ ബെഞ്ചിലേക്ക് വിടുകയായിരുന്നു.

എസ്‍‍സി – എസ്‍ടി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ പലതും ലഘൂകരിച്ച സുപ്രീംകോടതി വിധിയ്ക്ക് എതിരെയാണ് കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. ദളിതര്‍ക്കെതിരായ അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുണ്ടായിരുന്നത്. നിലവിൽ ഈ വിധി മറികടക്കാൻ കേന്ദ്രസർക്കാർ പാർലമെന്‍റിൽ ബില്ല് കൊണ്ടുവന്ന് പാസ്സാക്കിയിട്ടുണ്ട്.

”രാജ്യത്തെ നിയമങ്ങൾ ജനറൽ കാറ്റഗറിയ്ക്ക് ഒന്നും, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് മറ്റൊന്നും എന്ന തരത്തിൽ വിഭജിക്കരുത്”, എന്നായിരുന്നു ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നിയമം തിരുത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിവിധ പട്ടികജാതി, പട്ടികവർഗ സംഘടനകളും കേന്ദ്രസർക്കാരും ഈ വിധിയെ ശക്തമായി എതിർത്തു. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞത് സുപ്രീംകോടതിയുടെ ഈ വിധി “പ്രശ്നഭരിത”മാണെന്നാണ്. വിധി പുനഃപരിശോധിച്ചേ തീരൂവെന്നും സർക്കാർ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്തുയർന്ന് വന്നത്. ദളിത് സംഘടനകൾ ഭാരത് ബന്ദ് നടത്തി. പ്രതിഷേധം കനത്തപ്പോൾ കേന്ദ്രസർക്കാർ സുപ്രീംകോടതി വിധിക്കെതിരെ ബില്ല് കൊണ്ടുവന്ന് പാസ്സാക്കി.

Top