പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. ആരോഗ്യ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ക്ഷേത്ര സമിതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ ഏകോപനത്തോടെ രഥയാത്ര നടത്താമെന്ന് കോടതി പറഞ്ഞു. പൊതുജന പങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷ സര്‍ക്കാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, തീരുമാനം എടുക്കാനുള്ള അധികാരം കോടതി സംസ്ഥാനത്തിന് നല്‍കി. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയാല്‍ രഥയാത്ര നിര്‍ത്താനുള്ള അനുമതി ഒഡീഷ സംസ്ഥാനത്തിനുണ്ടെന്നും കോടതി പറഞ്ഞു. രഥയാത്രയുടെ എല്ലാ കാര്യത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും ഇത് കേന്ദ്രം, സംസ്ഥാനം, ക്ഷേത്ര സമിതി എന്നവരുടെ വിവേകത്തിന് വിടുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രഥയാത്ര വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പുറത്തിറങ്ങാന്‍ 12 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടുകൂടി രഥയാത്ര അനുവദിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top