SBT top in profit growth

Banking

കൊച്ചി: പ്രതികൂലമായ പ്രവര്‍ത്തനസാഹചര്യങ്ങളിലും കേരളം ആസ്ഥാനമായുള്ള അഞ്ച് വാണിജ്യ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ വളര്‍ച്ച. ഒരു വര്‍ഷത്തിനിടയിലുണ്ടായ വര്‍ധന 26,509 കോടി രൂപയുടേതാണ്. രണ്ടു ബാങ്കുകളുടെ ബിസിനസില്‍ ഗണ്യമായ ഇടിവുണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ വലിയ നേട്ടം കൈവരിക്കാനാകുമായിരുന്നു.

കേരള ബാങ്കുകളുടെ മൊത്തം ബിസിനസ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കനുസരിച്ചു 4,43,488.34 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 4,16,979.36 കോടിയുടെ ബിസിനസിനെക്കാള്‍ 6.36% കൂടുതലാണിത്. ബിസിനസില്‍ ഒന്നാം സ്ഥാനം പൊതുമേഖലയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനാണ്. രണ്ടാം സ്ഥാനം ഫെഡറല്‍ ബാങ്കിന്. ഈ ബാങ്കുകള്‍ക്കു മാത്രമാണ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ ബിസിനസ്. രണ്ടു ബാങ്കുകളുടെയും കൂടി വിഹിതമാകട്ടെ ആകെ ബിസിനസിന്റെ 70 ശതമാനത്തോളവും.

ഒരു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ ബിസിനസുള്ള ബാങ്കുകളുടെ ഗണത്തില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്കും ഇടം നേടുമെന്നാണു പ്രതീക്ഷ. കേരള ബാങ്കുകളില്‍ 1,00,000 കോടിയിലേറെ രൂപ നിക്ഷേപമുള്ളത് എസ്ബിടിക്കു മാത്രമാണ്. നിക്ഷേപം 1,01,119 കോടിയായിട്ടുണ്ട്.

എസ്ബിടിയുടെ ആകെ ബിസിനസ് 1,68,123 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ബിസിനസിനെക്കാള്‍ 7,139 കോടി രൂപ കൂടുതലാണിത്. ബിസിനസില്‍ 4.5 ശതമാനത്തോളം വര്‍ധന നേടിയെങ്കിലും അറ്റാദായത്തിലെ വര്‍ധന ഒരു ശതമാനത്തില്‍ താഴെ മാത്രമായി. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെതന്നെ ഓഹരിയുടമകള്‍ക്ക് എസ്ബിടി 50% ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെഡറല്‍ ബാങ്ക് ബിസിനസില്‍ കൈവരിച്ച വളര്‍ച്ച 12.41 ശതമാനമാണ്. 15,151.87 കോടി രൂപയുടെ വര്‍ധനയോടെ ബിസിനസ് 1,37,261.85 കോടിയിലെത്തി. എന്‍ആര്‍ഇ നിക്ഷേപത്തില്‍ 26.83% വര്‍ധന കൈവരിക്കാനായി. അതേസമയം, അറ്റാദായത്തില്‍ ഗണ്യമായ ഇടിവാണുണ്ടായത്. മുന്‍ വര്‍ഷത്തെ 1,005.75 കോടിയുടെ റെക്കോര്‍ഡ് നിലവാരത്തില്‍നിന്നു 475.65 കോടിയിലേക്ക്. 52.7% ഇടിവ്. മുന്‍ വര്‍ഷം 110% ലാഭവിഹിതമാണു നല്‍കിയതെങ്കില്‍ 2015-16 ലെ ലാഭവിഹിതം 35% മാത്രം.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് 97,506 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 7,616 കോടി കൂടുതലാണിത്. എന്‍ആര്‍ഐ നിക്ഷേപത്തില്‍ 25.54% വര്‍ധനയുണ്ടായി. അറ്റാദായത്തിലും ബാങ്ക് വര്‍ധന രേഖപ്പെടുത്തി. 307.2 കോടിയായിരുന്ന അറ്റാദായം 333.27 കോടിയായി. 50 ശതമാനമാണു ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം 60% ലാഭവിഹിതം നല്‍കിയിരുന്നു. ബിസിനസ് വളര്‍ച്ച മുന്നില്‍ക്കണ്ടു മൂലധന അടിത്തറ വികസിപ്പിക്കാന്‍ ബാങ്ക് തയാറെടുക്കുകയാണ്.

ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയാണു ബിസിനസില്‍ പിന്നോട്ടുപോയത്. ധനലക്ഷ്മി ബാങ്കിന്റെ ബിസിനസ് 1,745 കോടി രൂപ കുറഞ്ഞു 18,306.44 കോടിയായപ്പോള്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബിസിനസിലെ ഇടിവ് 1,652.84 കോടിയുടേതാണ്. 22,291.05 കോടിയാണു കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബിസിനസ്.

ബിസിനസ് കുറഞ്ഞെന്നു മാത്രമല്ല രണ്ടു ബാങ്കുകള്‍ക്കും നിരത്താനായത് അറ്റ നഷ്ടത്തിന്റെ കണക്കുകളും. ധനലക്ഷ്മി ബാങ്കിന്റെ നഷ്ടം 209.45 കോടി; കാത്തലിക് സിറിയന്‍ ബാങ്കിന്റേത് 149.72 കോടി. സംസ്ഥാനത്തെ ബാങ്കിങ് മേഖലയുടെ ബിസിനസില്‍ മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

Top