sbi new project

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കടങ്ങളില്‍ നിക്ഷേപം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നു. കാനഡ ആസ്ഥാനമായ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണിത്.

ഇതിനായി ഇരു കൂട്ടരും ധാരണാപത്രം ഒപ്പിട്ടു. എന്നാല്‍ കടക്കെണിയിലായ കമ്പനിയുടെ ഓഹരികളിലാണോ മറ്റ് ബാങ്കുകളിലെ കിട്ടാക്കടങ്ങളിലാണോ പ്രധാനമായും നിക്ഷേപം നടത്തുകയെന്നതില്‍ വ്യക്തതയില്ല.

എസ്.ബി.ഐ.യുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ ബ്രൂക്ക്ഫീല്‍ഡ് 7,000 കോടി രൂപ മുടക്കും. ആകെ നിക്ഷേപത്തിന്റെ അഞ്ച് ശതമാനമായിരിക്കും എസ്.ബി.ഐ. മുടക്കുക.

ഇപ്രകാരം സ്വരൂപിക്കുന്ന കിട്ടാക്കട നിധിയില്‍ നിന്ന് മുടങ്ങിക്കിടക്കുന്ന വിവിധ ആസ്തികളില്‍ നിക്ഷേപം നടത്തും.കിട്ടാക്കടങ്ങളില്‍ പണം മുടക്കുന്നതിന്റെ സാധ്യതകള്‍ സ്വതന്ത്രമായി പരിശോധിച്ച ശേഷമായിരിക്കും നിക്ഷേപിക്കുക. ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റിന്റെ വിദഗ്ദ്ധരാണ് ബിസിനസ് ലാഭകരമാകുമോ എന്നതിനെക്കുറിച്ച് പഠനം നടത്തുക.

ഭാവിയില്‍ മറ്റ് നിക്ഷേപകരുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇരുകൂട്ടരും ചേര്‍ന്നിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. പുതിയ കാലഘട്ടത്തില്‍ ബാങ്കുകള്‍ക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത് പെരുകുന്ന കിട്ടാക്കടമാണ്.

കിട്ടാക്കടം കുറയ്ക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും വായ്പക്കാര്‍ക്കും സഹായകമായിരിക്കും പദ്ധതിയെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ വിപണിക്ക് താത്പര്യമുള്ള കിട്ടാക്കടങ്ങള്‍ കണ്ടെത്തിയായിരിക്കും നിക്ഷേപം.കഴിഞ്ഞ മാര്‍ച്ചിലെ കണക്ക് പ്രകാരം 40 ലിസ്റ്റഡ് ബാങ്കുകളുടെ കിട്ടാക്കടം 5.82 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇതേ സമയത്തെക്കാള്‍ 93 ശതമാനം വര്‍ധനയാണിത്.

Top