SBI writes off Vijay Mallya’s loan of Rs 1200 cr

ന്യൂഡല്‍ഹി: ലോണ്‍ അടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന പാവങ്ങളുടെ എണ്ണം പെരുകുന്ന ഇന്ത്യയില്‍ വന്‍കിട കമ്പനികളുടെ 7016 കോടി വായ്പ എഴുതി തള്ളാനുള്ള എസ്ബിഐ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ വന്‍ പ്രതിഷേധം.

ട്രോളുകളും കമന്റുകളും കൊണ്ട് തങ്ങളുടെ രോക്ഷം തീര്‍ക്കുകയാണ് യുവസമൂഹം.

‘പാവപ്പെട്ടവന് കൊലക്കയര്‍, പണക്കാരന് ചുവപ്പ് പരവതാനി’ എന്ന് തുടങ്ങി അര്‍ത്ഥവത്തായ നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

‘ഇത് പാവപ്പെട്ടവന്റെ ഇന്ത്യയല്ല, പണക്കാരന്റെയും കോര്‍പ്പറേറ്റുകളുടെയും ഇന്ത്യയാണെന്ന’ പ്രതികരണവും വ്യാപകമാണ്.

രാജ്യത്തെ വന്‍കിട കമ്പനികളായ 63 സ്ഥാപനങ്ങളുടെ വായ്പയാണ് മന:പൂര്‍വ്വം തിരിച്ചടവിന് വീഴ്ച വരുത്തിയതിനാല്‍ എസ്ബിഐ എഴുതി തള്ളാന്‍ തീരുമാനിച്ചത്.

60 കമ്പനികളുടെ വായ്പ പൂര്‍ണ്ണമായും 31 കമ്പനികളുടേത് ഭാഗികമായുമാണ് എഴുതി തള്ളുന്നത്. ഇതില്‍ ആറെണ്ണം പ്രവര്‍ത്തനരഹിതമായ ആസ്തി വിഭാഗത്തിലേക്കുമാണ് എഴുതി തള്ളുന്നത്.

ജൂണ്‍ 31ന് 48,000 കോടി രൂപ കിട്ടാക്കടം എഴുതി തള്ളിയതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി.

കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരാഴ്ച തികയും മുന്‍പാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

ഇതില്‍ മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ വിമാന കമ്പനിയുടെ 1201 കോടി രൂപയും ഉള്‍പ്പെടും.

പണം അടക്കാതെ നാട് വിട്ട് ലണ്ടനില്‍ ഇപ്പോള്‍ സുഖവാസത്തിലാണ് വിജയ് മല്യ. ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് നിയമം ചൂണ്ടിക്കാട്ടിയാണ് തടസ്സവാദം.

എന്നാല്‍ ഇന്ത്യ ഗവണ്‍മെന്റിന് മറ്റ് ചില ‘മാര്‍ഗ്ഗങ്ങള്‍’ വേണമെങ്കില്‍ സ്വീകരിക്കാമായിരുന്നുവെന്നും അങ്ങനെ വന്നാല്‍ മല്യ തന്നെ സ്വമേധയാ കീഴടങ്ങാന്‍ എത്തുവാന്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നുവെന്നുമാണ് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

കിംഗ് ഫിഷറിനെ കൂടാതെ കെ എസ് ഓയില്‍-596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍- 526 കോടി, ജിഇടി എന്‍ജീനിയറിങ്ങ് കണ്‍സ്ട്രക്ഷന്‍ -400 കോടി, സെയില്‍ ഇന്‍ഫോ സിസ്റ്റം- 376 കോടി, വിഎംസി സിസ്റ്റം -370 കോടി, എഗ്‌നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡ് -315 കോടി, ശ്രീ ഗണേഷ് ജ്വലറി -313 കോടി, അപെക്‌സ് എന്‍കോണ്‍ പ്രൊജക്ട്‌സ് -266 കോടി, യൂറോ സെറാമിക്‌സ്-266 കോടി രൂപ എന്നിങ്ങനെയാണ് വായ്പ എഴുതി തള്ളുന്ന മറ്റ് കമ്പനികള്‍.

അതേസമയം കര്‍ഷകരടക്കം ഒരു നേരത്തെ കുടുംബം പോറ്റാന്‍ 50,000 വും, 10,000 മുതല്‍ ലോണെടുക്കുന്ന പാവങ്ങളോട് ബാങ്ക് അധികൃതര്‍ക്ക് ഒരു കരുണയുമില്ല.

ഇപ്പോഴത്തെ നോട്ട് പ്രതിസന്ധി തീര്‍ന്നാല്‍ ലോണെടുത്തവരെ വട്ടമിട്ട് പിടിക്കാനാണത്രെ ബാങ്ക് തലപ്പത്തെ നിര്‍ദ്ദേശം.

അതേസമയം വിജയ് മല്യയുടേതടക്കമുള്ള വന്‍കിടക്കാരുടെ വായ്പകള്‍ എസ്ബിഐ എഴുതിത്തള്ളിയെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നിഷ്‌ക്രിയ ആസ്തിയെ പ്രത്യേക അക്കൌണ്ടിലേക്ക് മാറ്റിയതാണെന്നും വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ബാങ്ക് തുടരുമെന്നും ജയ്റ്റ്‌ലി രാജ്യസഭയില്‍ വ്യക്തമാക്കി. രേഖകള്‍ സൂക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണിത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍കിട വ്യവസായികളുടെ ഏഴായിരം കോടിയോളം രൂപ എഴുതി തള്ളിയെന്ന റിപ്പോര്‍ട്ട് വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇതേത്തുടര്‍ന്നാണ് ധനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത്.

Top