തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ ആക്രമണം

sbi

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസിനു നേരെ ആക്രമണം. മാനേജരുടെ ക്യാമ്പിനും മേശയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ ഓഫീസിന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം വിവിധ തൊഴിലാളി സംഘടനകള്‍ ദേശീയ വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്‌സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങില്ല.

ആദ്യ ദിനത്തില്‍ തന്നെ സംസ്ഥാനത്ത് ഹര്‍ത്താലിന് തുല്യമായ അവസ്ഥയിലായിരുന്നു. പൊതു?ഗതാ?ഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ ജനജീവിതത്തെ പണിമുടക്ക് പ്രതികൂലമായി തന്നെ ബാധിച്ചു.

പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമേ തുറന്നുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നത് ജനങ്ങളെ വലച്ചു. ഓട്ടോയും ടാക്‌സിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമലയിലേക്ക് മാത്രമാണ് സര്‍വീസ് നടത്തിയത്.

Top