ബോണ്ടുകൾ ഇഷ്യൂ ചെയത് ധനം സമാഹരിക്കാൻ എസ്ബിഐ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. 750 മില്യൺ ഡോളർ അതായത് 6100 കോടിയാണ് എസ്ബിഐ സമാഹരിക്കുന്നത്.

ഈ മാസം ആദ്യം, ബാങ്കിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ബോണ്ടുകളിൽ നിന്ന് 2 ബില്യൺ യുഎസ് ഡോളർ ഏകദേശം 16,000 കോടി സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകിയിരുന്നു.

ആസ്തികൾ, നിക്ഷേപങ്ങൾ, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ വർഷം ഡിസംബറിൽ, എസ്ബിഐ ആദ്യ ഇൻഫ്രാസ്ട്രക്ചർ ബോണ്ട് ഇഷ്യുവിലൂടെ 10,000 കോടി രൂപ സമാഹരിച്ചിരുന്നു.

വർദ്ധിച്ചുവരുന്ന വായ്പാ ആവശ്യകത നേരിടാനും കുറഞ്ഞ നിരക്കിൽ ഫണ്ട് ലോക്ക് ഇൻ ചെയ്യാനും ഇന്ത്യൻ ബാങ്കുകൾ അടുത്ത കുറച്ച് മാസങ്ങളിൽ ധനസമാഹരണം തുടരുമെന്ന് വിശകലന വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം നവംബർ 4 ന് അവസാനിച്ച 14 ദിവസങ്ങളിൽ ഇന്ത്യൻ ബാങ്കുകളുടെ വായ്പാ വളർച്ച 17 ശതമാനം ആയിരുന്നു. നിക്ഷേപ വളർച്ച 8.25 ശതമാനമാണ്.

ബോണ്ടുകൾ 2023 മെയ് 5 മുതൽ ലണ്ടൻ ബ്രാഞ്ച് വഴി ഇഷ്യൂ ചെയ്യപ്പെടും. കൂടാതെ സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇന്ത്യ ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചിലും ഗിഫ്റ്റ് സിറ്റിയിലും ലിസ്റ്റ് ചെയ്യും എന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖര പറഞ്ഞു.

Top