മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടേയും എംസിഎല്‍ആര്‍ നിരക്കുകള്‍ 0.35 ശതമാനം വെട്ടിക്കുറച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
2020 ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്. നിരക്ക് 7.75 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായി കുറയും.
യോഗ്യതയുള്ള ഭവനവായ്പ അക്കൗണ്ടുകളിലെ (എംസിഎല്‍ആറുമായി ലിങ്ക് ചെയ്തിട്ടുള്ള) ഇഎംഐകള്‍ക്ക് 30 വര്‍ഷത്തെ വായ്പയ്ക്ക് ഒരു ലക്ഷത്തിന് 24 രൂപ വരെ നിരക്ക് കുറയുമെന്ന് എസ്ബിഐ അറിയിച്ചു.
സേവിങ്സ് ഡെപ്പോസിറ്റുകളുടെ പലിശയും ബാങ്ക് കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെയും ഇതിനുമുകളിലുള്ള നിക്ഷേപങ്ങളുടെയും പലിശ നിരക്ക് മൂന്നു ശതമാനത്തില്‍നിന്ന് കാല് ശതമാനം കുറച്ച് 2.75 ശതമാനമാക്കി. ഏപ്രില്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.