2000ത്തിന്റെ നോട്ടുമാറാൻ പ്രത്യേക ഫോമോ തിരിച്ചറിയിൽ രേഖയും നൽകേണ്ടതില്ലെന്ന് എസ്ബിഐ

ന്യൂഡൽഹി : 2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. തിരിച്ചറിയിൽ രേഖയും നൽകേണ്ടതില്ല. മേയ് 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാം. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം.

2000 രൂപയുടെ നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിലാണു എസ്ബിഐയുടെ വിശദീകരണം. 2000 രൂപ നോട്ടുകൾ പ്രചാരത്തിൽനിന്ന് പിൻവലിക്കുമെന്നും സെപ്റ്റംബർ 30നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയുമെന്നും റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ആർബിഐയുടെ 19 പ്രാദേശിക ഓഫിസുകളിലും മറ്റു ബാങ്കുകളിലും മേയ് 23 മുതൽ 2000 രൂപ മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാം. നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിലും മാറ്റിവാങ്ങാം. നോട്ടുകൾ മാറ്റിവാങ്ങാൻ ഫീസൊന്നും നൽകേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു. നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Top