ജെറ്റ് എയര്‍വേഴ്‌സ്‌ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എസ്ബിഐയോട് നിര്‍ദേശിക്കണം…

മുംബൈ: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് (എന്‍.എ.ജി) പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് ഇ മെയില്‍ അയച്ചു. ജെറ്റ് എയര്‍വേയ്സിന് ധനസഹായം നല്‍കിവന്നിരുന്ന എസ് ബി ഐയോട് ജെറ്റ് എയര്‍വേഴ്‌സിലെ എല്ലാ ജീവനക്കാര്‍ക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഒരുമാസത്തെ ശമ്പളം വിട്ടു നല്‍കണമെന്ന് നിര്‍ദേശിക്കണമെന്നാണ് എന്‍.എ.ജി പ്രധാനമന്ത്രിയ്ക്ക് അയച്ച മെയില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

ജെറ്റ് എയര്‍വേയ്സിന്റെ വിമാനങ്ങള്‍ ‘ഡീ രജിസ്ട്രേഷന്‍ ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രധാനന്ത്രിയ്ക്ക് അയച്ച മെയിലില്‍ എന്‍.എ.ജി ആവിശ്യപ്പെട്ടിട്ടുണ്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ അവിടത്തെ ജീവനക്കാര്‍ അനുഭവിച്ച ദുരവസ്ഥ ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാര്‍ക്ക് ഉണ്ടാവരുതെന്നും എന്‍ എ ജി പ്രസിഡന്റ് കരണ്‍ ചോപ്ര അയച്ച ഇ മെയില്‍ ആവശ്യപ്പെടുന്നു.ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാരെ പ്രതിനിധീകരിച്ചാണ് എന്‍ എ ജി പ്രധാനമന്ത്രിയ്ക്ക് മെയിലയച്ചത്.

ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേഴ്‌സ് സര്‍വീസ് നിര്‍ത്തലാക്കിയത്. 983 കോടി രൂപയുടെ അടിയന്തര സഹായം ആവിശ്യപ്പെട്ടുള്ള കമ്പിനിയുടെ അഭ്യര്‍ഥന എസ് ബി ഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം തള്ളിയതിനു പിന്നാലെയാണ് കമ്പനി സര്‍വീസ് നിര്‍ത്തിയത്. ജെറ്റ് എയര്‍വേയ്സ് കണ്‍സോര്‍ഷ്യത്തോട് വായ്പ അഭ്യര്‍ഥിച്ചിരുന്നത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു.

Top