sbi merge

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലബാങ്കായ എസ്ബിടിയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. എസ്ബിടിഎസ്ബിഐ ലയനം നാളെ മുതല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇനി എസ് ബി ഐ ബാങ്കുകള്‍ മാത്രമാകും കേരളത്തിലുണ്ടാവുക. എന്നാല്‍ ലയനം പൂര്‍ണമാകാന്‍ മാസങ്ങളെടുക്കുമെന്നാണ് സൂചന.

പേരുമാറ്റം മാത്രമാണ് എപ്രില്‍ 1ന് നടക്കുക. ആദ്യഘട്ടത്തില്‍ പേരില്‍ മാത്രമായിരിക്കും ലയനം. ഇടപാടുകാരുടെ വിവരങ്ങളും മറ്റ് ആസ്തിബാധ്യതാവിവരങ്ങളും ലയിപ്പിക്കാന്‍ മാസങ്ങളെടുക്കും. പേര് മാറ്റിയാലും കുറച്ചുകാലത്തേക്കുകൂടി ഇടപാടുകാര്‍ക്ക് തങ്ങളുടെ പഴയബാങ്ക് ശാഖകളെത്തന്നെ ആശ്രയിക്കേണ്ടിവരും. ഇതുംകൂടി പൂര്‍ത്തിയായശേഷം മാത്രമേ പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് എസ്ബിഐ സംവിധാനം ഉപയോഗിക്കാനാവൂ.

അക്കൌണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോള്‍ മാറില്ല. ഐഎഫ്എസ് കോഡ്,ചെക്ക്,ഡ്രാഫ്റ്റ് തുടങ്ങിയവ ആഗസ്റ്റ്31വരെ നിലനില്‍ക്കും. ഇടപാടുകള്‍ എവിടെയും നടത്താം. എന്നാല്‍ നിക്ഷേപവും വായ്പയുമെല്ലാം എസ്ബിഐയുടെ പേരിലാകും നല്‍കുക.

എസ്ബിഐക്കുപുറമേ സബ്‌സിഡിയറി ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയെയും ഭാരതീയ മഹിളാ ബാങ്കിനെയുമാണ് ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ശൃംഖലയുടെ നാനൂറോളം ശാഖകള്‍ പൂട്ടും.

കേരളമുള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളുടെ ആസ്ഥാനത്ത് കടുത്ത പ്രതിഷേധമുയരുമെന്നതിനാല്‍ ശാഖകള്‍ ഒറ്റയടിക്ക് പൂട്ടേണ്ടതില്ലെന്നാണ് തീരുമാനം. സപ്തംബറോടെ അധികശാഖകള്‍ പൂട്ടും. 3000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 55വയസിനുമുകളില്‍ പ്രായമുള്ളവരെ നിര്‍ബന്ധിത സ്വയം വിരമിക്കലിന് വിധേയമാക്കും.

വലിയ എതിര്‍പ്പുകളേയും സമരങ്ങളേയും മറികടന്നാണ് എസ്ബിഐയുമായുളള എസ്ബിടിയുടെ ലയനം യാഥാര്‍ത്ഥ്യമാകുന്നത്.

Top