എസ്.ബി.ഐ. ഈ സാമ്പത്തിക വര്‍ഷം നിയമനം കുറയ്ക്കുമെന്ന് അരുന്ധതി ഭട്ടാചാര്യ

SBI

മുംബൈ: ബാങ്കുകളുടെ ലയനത്തോടെ കൂടുതല്‍ ജീവനക്കാരെത്തിയ എസ്.ബി.ഐ. ഈ സാമ്പത്തിക വര്‍ഷം നിയമനം കുറയ്ക്കുമെന്ന് അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ.

പുതിയ സാഹചര്യത്തില്‍ ക്ലറിക്കല്‍ നിയമനങ്ങള്‍ ഒന്നും തന്നെ വേണ്ടിവരില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമനം നടത്തിയേക്കും.

ഈ വര്‍ഷം ആദ്യം, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 2,313 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ജീവനക്കാര്‍ അധികമാണെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 13,000 ജീവനക്കാര്‍ വിരമിക്കുകയാണ്. 3,600 പേര്‍ സ്വയം വിരമിക്കലിനും തയ്യാറായിട്ടുണ്ട്. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഏപ്രില്‍ 2016 മുതല്‍ മാര്‍ച്ച് 2017 വരെ 13,097 പേരെയാണ് എസ്.ബി.ഐ. നിയമിച്ചത്. ഇക്കാലയളവില്‍ 11,264 പേര്‍ വിരമിക്കുകയും ചെയ്തു. ജീവനക്കാര്‍ സ്വയം വിരമിക്കല്‍ സ്വീകരിച്ചപ്പോള്‍ ബാങ്കിനുണ്ടായ ചെലവ് 480500 കോടി രൂപയാണ്. ഇതില്‍ 75 ശതമാനവും 2017ല്‍ ഉണ്ടായതാണെന്ന് അവര്‍ വ്യക്തമാക്കി.

മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ബാങ്കിന് 2,09,572 ജീവനക്കാരാണ് ഉള്ളത്

Top