എസ് ബി ഐയുടെ മാനേജിംഗ് ഡയറക്റ്ററായി അന്‍ഷുള കാന്തിനെ നിയമിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മാനേജിംഗ് ഡയറക്റ്ററായി അന്‍ഷുള കാന്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമാണ് അന്‍ഷുള.

പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച ബാങ്ക് ബോര്‍ഡ് ബ്യൂറോ (ബിബിബി)യാണ് എസ്ബിഐയുടെ എംഡി സ്ഥാനത്തേക്ക് അന്‍ഷുള കാന്തിന്റെ പേര് ശുപാര്‍ശ ചെയ്തത്.

ബി ശ്രീറാം വിരമിച്ച ഒഴിവിലേക്കാണ് അന്‍ഷുളയെ നിയമിച്ചത്. ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍, സിഇഒ ചുമതലകളാണ് ബി ശ്രീറാം നിലവില്‍ വഹിക്കുന്നത്. 1993ല്‍ പ്രൊബേഷണറി ഓഫീസറായാണ് അന്‍ഷുള എസ്ബിഐയില്‍ എത്തുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി ബാങ്കിന്റെ വിവിധ വിഭാഗങ്ങളില്‍ നിര്‍ണായക ചുമതലകള്‍ അന്‍ഷുള കൈകാര്യം ചെയ്തിട്ടുണ്ട്. റീട്ടെയില്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ക്രെഡിറ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരം, വികസിത വിപണികളിലെ ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ അന്‍ഷുളയ്ക്ക് പ്രവൃത്തി പരിചയമുണ്ട്.

2014 മേയിലാണ് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായി അന്‍ഷുള ചുമതലയേറ്റത്. ഇതിനു പുറമെ 2015 ജൂണില്‍ ബാങ്കിന്റെ സിഎഫ്ഒ ചുമതല കൂടി അന്‍ഷുള ഏറ്റെടുത്തു. മുംബൈ എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജറായും നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി എംഡിയായും അന്‍ഷുള സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ ഓഹരി വിപണി (എന്‍എസ്ഇ)യുടെ ഷെയര്‍ഹോള്‍ഡര്‍ ഡയറക്റ്റര്‍ കൂടിയാണ് അന്‍ഷുള.

Top