ആദിത്യ ബിർളയുമായി ചേർന്ന് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് എസ് ബി ഐ

ദില്ലി: ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ ‘ആദിത്യ ബിർള എസ്ബിഐ ക്രെഡിറ്റ് കാർഡ്’ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് എസ്ബിഐ. ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെ വായ്പാ ഉപസ്ഥാപനമാണ് ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ്. ഈ കമ്പനിയുമായി പങ്കാളിത്തത്തോടെയാണ് ലൈഫ്‌സ്‌റ്റൈൽ ക്രെഡിറ്റ് കാർഡായ ‘ആദിത്യ ബിർള എസ്‌ബിഐ കാർഡ്’ എസ്ബിഐ അവതരിപ്പിക്കുന്നത്. വിസ പ്ലാറ്റ്‌ഫോമിൽ ‘ആദിത്യ ബിർള എസ്‌ബിഐ കാർഡ് സെലക്ട്’, ‘ആദിത്യ ബിർള എസ്ബിഐ കാർഡ്’ എന്നീ രണ്ട് വേരിയന്റുകളിലായാണ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.

ആദിത്യ ബിർള ഗ്രൂപ്പ് കമ്പനികളുടെ ടെലികോം ബില്ലുകളിലോ, ലൂയിസ് ഫിലിപ്പ്, ദ കളക്ടീവ്, വാൻ ഹ്യൂസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, അമേരിക്കൻ ഈഗിൾ, പോളോ തുടങ്ങിയ ലൈഫ്‌സ്‌റ്റൈൽ സ്റ്റോറുകളിലോ നിന്നും പണമിടപാടുകൾ നടത്തുമ്പോൾ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ കാർഡ് ഉടമകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. കൂടാതെ ഹോട്ടലുകളിൽ താമസിച്ചതിനുള്ള പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നൽകിയാലും റിവാർഡ് ലഭിക്കും.

ആദിത്യ ബിർള ഫിനാൻസുമായി കൈകോർത്തതിൽ സന്തോഷമുണ്ടെന്നും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം നല്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ രാമ മോഹൻ റാവു അമര പറഞ്ഞു.

ആദിത്യ ബിർള കാപ്പിറ്റലിന്റെ 35 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്ക് ‘ആദിത്യ ബിർള എസ്ബിഐ കാർഡ്’ പ്രയോജനം ചെയ്യുമെന്ന് ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രാകേഷ് സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Top