ജെഎസ്ഡബ്ല്യു സിമന്റിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

sbi

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെഎസ്ഡബ്ല്യു സിമന്റിലെ ചെറു ഓഹരി വിഹിതം സ്വന്തമാക്കി. 100 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭീമനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെഎസ്ഡബ്ല്യു സിമന്റിൽ നിക്ഷേപിച്ചത്. സിസിപി ഓഹരികളാണ് ബാങ്ക് സ്വന്തമാക്കിയത്.

ഈയിടെ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് ഇൻകോർപറേറ്റഡും സിനർജി മെറ്റൽസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ലിമിറ്റഡും ജെഎസ്ഡബ്ല്യു സിമന്റിൽ വലിയ നിക്ഷേപം നടത്തിയിരുന്നു. 1500 കോടി രൂപയാമ് ഇരുവരും നിക്ഷേപിച്ചത്.

പുതിയ നിക്ഷേപങ്ങളുടെ കരുത്തിൽ ജെഎസ്ഡബ്ല്യു സിമന്റിന് നിലവിലെ വാർഷിക ഉൽപ്പാദന ശേഷി 14 മെട്രിക് ടണ്ണിൽ നിന്ന് 24 മെട്രിക് ടണ്ണിലേക്ക് ഉയർത്താനാവും. മൂന്ന് വർഷം കൊണ്ടാണ് ആറ് മെട്രിക് ടൺ ഉൽപ്പാദന ശേഷിയിൽ നിന്ന് 14 മെട്രിക് ടൺ ഉൽപ്പാദന ശേഷിയിലേക്ക് കമ്പനി വളർന്നതെന്ന് മാനേജിങ് ഡയറക്ടർ പാർത്ഥ് ജിൻഡൽ പറഞ്ഞു.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ കമ്പനി ഐപിഒയിലേക്ക് കടക്കും. ആ ഘട്ടത്തിൽ സ്റ്റേറ്റ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രിഫറൻസ് ഷെയറുകൾ ഇക്വിറ്റിയായി മാറ്റപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഐപിഒയിലേക്കുള്ള പോക്കിൽ കമ്പനിക്ക് കരുത്താകുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപമെന്ന് ഫിനാൻസ് ഡയറക്ടർ നരീന്ദർ സിങ് കഹ്ലോൻ പ്രതികരിച്ചു.

Top