ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 16.5 ശതമാനം ചുരുങ്ങിയേക്കുമെന്ന് എസ്ബിഐ

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 16.5 ശതമാനം ചുരുങ്ങിയേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. നേരത്തെ 20 ശതമാനം ജിഡിപി ചുരുങ്ങിയേക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നത്. എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ടായ ഇക്കോറാപ്പിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍.

കോര്‍പ്പറേറ്റ് ജി വി എയില്‍ (മൊത്ത മൂല്യവര്‍ദ്ധനവ്) ആശങ്കപ്പെട്ട രീതിയിലുളള ഇടിവുണ്ടായില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്, ലിസ്റ്റുചെയ്ത കമ്പനികളുടെ ഫലങ്ങളെ സംബന്ധിച്ചിടത്തോളം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ച രീതിയിലുളള വളര്‍ച്ചാ മുരടിപ്പ് ഉണ്ടായിട്ടില്ല. ‘തത്വത്തില്‍, ലിസ്റ്റുചെയ്ത കമ്പനികളുടെ വരുമാന ഇടിവ് അവരുടെ മാര്‍ജിനുകളെ ബാധിക്കില്ല. ഞങ്ങളുടെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ റിയല്‍ ജിഡിപി ഇടിവ് -16.5 ശതമാനമായിരിക്കും, ”ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ് ബി ഐ) സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

കൃഷി, വനം, മത്സ്യബന്ധനം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങള്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പ്രതിരോധം, മറ്റ് സേവനങ്ങള്‍ എന്നിവ കൂടാതെ മറ്റെല്ലാ മേഖലകളിലും സങ്കോചത്തിന്റെ പ്രവണത പ്രകടമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ലിസ്റ്റുചെയ്ത ആയിരത്തോളം കമ്പനികള്‍ ഇതുവരെ ജൂണ്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു.

വരുമാനത്തില്‍ 25 ശതമാനത്തിലധികം ഇടിവും ലാഭത്തില്‍ 55 ശതമാനത്തിലധികം ഇടിവുമാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കോര്‍പ്പറേറ്റ് ജിവിഎയുടെ ഇടിവ് 14.1 ശതമാനം മാത്രമാണ്.41 ഉയര്‍ന്ന ഫ്രീക്വന്‍സി ലീഡിംഗ് സൂചകങ്ങളില്‍ 11 എണ്ണം ഒഴികെ ബാക്കി എല്ലാ സൂചകത്തിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.

ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന, ബിറ്റുമെന്‍ ഉപഭോഗം, എ എസ് സി ബി ബാങ്ക് നിക്ഷേപം എന്നിവ ഒഴികെ എല്ലാം സമ്മര്‍ദ്ദത്തിലാണ്. ഗ്രാമീണ മേഖലയിലെയും ഉള്‍പ്രദേശങ്ങളിലെയും കൊറോണ വൈറസ് കേസുകള്‍ അതിവേഗം ഉയരുന്നതിനെക്കുറിച്ച് ഇക്കോറാപ്പ് ആശങ്കപ്പെടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൊറോണ വൈറസ് ഗ്രാമപ്രദേശങ്ങളില്‍ ഗണ്യമായി വര്‍ധിക്കുകയാണ്.

ഗ്രാമീണ ജില്ലകളിലെ കേസുകള്‍ ഓഗസ്റ്റില്‍ 54 ശതമാനമായി ഉയര്‍ന്നു. പത്തില്‍ താഴെ കേസുകളുള്ള ഗ്രാമീണ ജില്ലകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും സമ്പദ്ഘടനയ്ക്ക് ആഘാതം സൃഷ്ടിക്കും. ആന്ധ്രാപ്രദേശിനെയും മഹാരാഷ്ട്രയെയുമാണ് ഈ പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്.

Top