പ്രായ പരിശോധന: പമ്പയിലെത്തിയ പത്ത് യുവതികളെ മടക്കി അയച്ചു ; കനത്ത സുരക്ഷ

പത്തനംതിട്ട: ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പൊലീസ് മടക്കി അയച്ചു. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ യുവതികളെയാണ് മടക്കിയത്. വിജയവാഡയില്‍ നിന്നും എത്തിയ സംഘത്തെയാണ് പ്രായം പരിശോധിച്ച ശേഷം മടക്കി അയച്ചത്.

അതിനിടെ ശബരിമല സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെയും പ്രായം പൊലീസ് പരിശോധിക്കുന്നുണ്ട്. പമ്പയിലാണ് പൊലീസിന്റെ പ്രായ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആധാര്‍ കാര്‍ഡ് നോക്കി ഇവരുടെ പ്രായം ഉറപ്പിച്ച ശേഷമാണ് കാനനപാതയിലേക്ക് പൊലീസ് കടത്തിവിടുന്നത്.

സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലയ്ക്കല്‍ വരെയാണ് തീര്‍ത്ഥാടക വാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ വാഹനം പാര്‍ക്കുചെയ്ത് നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വ്വീസില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താം.

Top