സൗദിയില്‍ മലയാളി നഴ്‌സിന് ബാധിച്ചത് കൊറോണയല്ല, യുവതിയുടെ നിലയില്‍ പുരോഗതി

സൗദി: സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ നിന്നുള്ള കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു സമാനമായ വൈറസാണ് ഇതെന്ന് സയന്റിഫിക് റീജണല്‍ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ താരിഖ് അല്‍ അസ്‌റാഖി പറഞ്ഞു. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്ഥാന നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്ററകലെ അബഹയിലെ അല്‍ഹയ്യാത്ത് എന്ന സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് കോട്ടയം സ്വദേശിനി. ഇവരുടെ സഹപ്രവര്‍ത്തകയായ അല്‍ഹയ്യാത്ത് ആശുപത്രിയിലെ ഫിലിപ്പീനി നഴ്‌സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്‌സിന് രോഗം പിടിപെട്ടതെന്നാണ് സൂചന.

Top