“കട്ട ഫാന്‍ ആയി നമ്മള് ഓള്‍ടെ കൂടെ തന്നെ ഉണ്ടാവും”; രാജലക്ഷ്മിയുടെ കവര്‍സോങ്ങിന് സയനോരയുടെ അഭിനന്ദനം

ഗായിക രാജലക്ഷ്മിയുടെ കവര്‍സോങ്ങിനെ അഭിനന്ദിച്ച് സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘എന്റെ രാജിക്കുട്ടി! എപ്പോഴും നാണം കുണുങ്ങി നടക്കുന്ന ഒരു പാവം പാവാടക്കാരി എന്നൊക്കെ അല്ലെ നിങ്ങള്‍ വിചാരിച്ചേ?? എന്നാ അങ്ങനെ അല്ലാട്ടാ. ഞമ്മള മുത്തിനെ കണ്ടാ? രാജിയുടെ സംഗീതം ഇനിയും ഒരുപാട് സുന്ദര ഗാനങ്ങള്‍ ആയി നമ്മളെ തേടി വരും. കട്ട ഫാന്‍ ആയി നമ്മള് ഓള്‍ടെ കൂടെ തന്നെ ഉണ്ടാവുകേം ചെയ്യും’ എന്നാണ് സയനോര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

1992ല്‍ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തില്‍ എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ പുതു വെള്ളൈ മഴൈ എന്നു തുടങ്ങുന്ന ഗാനത്തിനാണ് രാജലക്ഷ്മി കവര്‍ ഒരുക്കിയത്. സുജാതയും ഉണ്ണി മേനോനും ചേര്‍ന്നാലപിച്ച മനോഹരഗാനത്തിന് ഒട്ടും കോട്ടം വരാത്ത രീതിയിലാണ് രാജലക്ഷ്മിയുടെ ആലാപനം. വില്യം ഐസക് ആണ് ഗിറ്റാറില്‍ ഗാനത്തിന് പശ്ചാത്തലമൊരുക്കുന്നത്.

ഓരോ തവണ പാടുമ്പോഴും ഇഷ്ടം കൂടി വരുന്ന ഗാനമെന്നാണ് ഈ പാട്ടിനെക്കുറിച്ച് രാജലക്ഷ്മി പറയുന്നത്. സിനിമയില്‍ ഈ ഗാനം ആലപിച്ച ഉണ്ണി മേനോനൊപ്പമാണ് രാജലക്ഷ്മി ആദ്യമായി ഈ ഗാനം ഒരു പൊതുവേദിയില്‍ പാടിയത്.

Top