മഹാരാജാസിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ

തിരുവനന്തപുരം : എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി.

കോളജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി സംഘടനാ നേതാക്കളുടെയും നിയന്ത്രണത്തിനു കീഴിലാണ് കോളജിന്റെ ഭരണവും പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നതെന്നതിന്റെ തെളിവാണ് കോളജിൽ ഈ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പട്ടികജാതി സംവരണം അട്ടിമറിച്ച് വനിതാ നേതാവിനു സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നൽകിയ മുൻ വിസി, യുജിസി ചട്ടത്തിൽ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നതു വസ്തുതാ വിരുദ്ധമാണെന്നും യൂണിവേഴ്സിറ്റി ചട്ടത്തിൽ പട്ടിക ജാതി ഒഴിവുകൾ പ്രത്യേക വിജ്ഞാപനം ചെയ്തു നികത്തണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ചു സമഗ്രമായ അന്വേഷണത്തിനു സർക്കാർ തയാറാവണം. ഓട്ടോണമസ് പദവി നൽകേണ്ട നിലയിലേക്കു പൊതുസമൂഹം ഉയർന്നിട്ടില്ല എന്നതിനാൽ ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യത കൂടുതലാണ്. മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എംജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Top