സേവ് ലക്ഷദ്വീപ് ഫോറം ഏഴിന് ജനകീയ നിരാഹാര സമരം നടത്തും

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം നടത്താന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. കൊച്ചിയില്‍ നടന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതിനെ തുടര്‍ന്ന് ഈ മാസം ഏഴിന് ജനകീയ നിരാഹാര സമരം നടത്തും.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാരം സമരത്തില്‍ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടര്‍ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി എല്ലാ ദ്വീപുകളിലും സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കും. നിയമ പോരാട്ടം നടത്താനായി ലീഗല്‍ സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്.

Top