മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ ചെറുമകന്‍

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്തിന് ഒരു പിതാവ് മാത്രമല്ല. വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

ബി.ജെ.പി വീര്‍ സവര്‍ക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചേക്കാം എന്ന എ.ഐ.എം.ഐ. എം നേതാവ് അസദുദ്ദിന്‍ ഒവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത് സവര്‍ക്കര്‍. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് രഞ്ജിതിന്റെ പ്രതികരണം.

വി ഡി സവര്‍ക്കര്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എന്നും മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പ് പറഞ്ഞതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്‌ പറഞ്ഞിരുന്നു. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്‌നാഥ് സിംഗ്‌ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിലും രഞ്ജിത് സവര്‍ക്കര്‍ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.

ഗാന്ധിജിയുടെ പേരിനോട് ചേര്‍ത്ത് വായിക്കാതെ തന്നെ മികച്ച വ്യക്തിത്വമുള്ളയാളാണ് വിഡി സവര്‍ക്കര്‍ എന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

Top