വീര്‍ സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരക്കുട്ടി രഞ്ജിത്ത് സവര്‍ക്കര്‍ രംഗത്ത്. ഡല്‍ഹിയില്‍ നടന്ന ഭാരത് ബച്ചാവോ റാലിയില്‍ പങ്കെടുക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ രാഹുല്‍ സവര്‍ക്കര്‍ പ്രയോഗം നടത്തിയത്. തങ്ങള്‍ ഇരുവര്‍ക്കും ഒരു പേര് ലഭിച്ചില്ലെന്നത് നല്ല കാര്യമാണെന്ന് സവര്‍ക്കറുടെ പേരക്കുട്ടി പ്രതികരിച്ചു.
എന്നിരുന്നാലും രാഹുലിന്റെ പേരില്‍ നിന്നും നെഹ്റുവിനെ പുറത്താക്കിയതിന് അദ്ദേഹം മുത്തശ്ശിയോട് നന്ദി പറയണമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. റേപ്പ് ഇന്‍ ഇന്ത്യ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. ആന്‍ഡമാന്‍ ജയിലില്‍ നിന്നും നേരത്തെ പുറത്തിറങ്ങാന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയെന്ന ആരോപണങ്ങളുടെ പിന്‍പറ്റിയാണ് രാഹുല്‍ ഈ വാദം ഉന്നയിച്ചത്.
‘രാഹുല്‍ സവര്‍ക്കര്‍ അല്ലാത്തത് നല്ല കാര്യമാണ്, അല്ലെങ്കില്‍ ഞങ്ങളൊക്കെ നാണക്കേട് കൊണ്ട് മുഖം മറച്ചു പിടിക്കേണ്ടി വരുമായിരുന്നു. അദ്ദേഹം ശരിക്കും ഇന്ദിരാ ഗാന്ധിയോട് നന്ദി പറയണം, അവരാണ് രാഹുലിന്റെ പേരില്‍ നിന്നും നെഹ്റുവിനെ പിടിച്ചുപുറത്താക്കിയത്. അദ്ദേഹം മുത്തശ്ശിക്ക് നന്ദി പറയണം’, രഞ്ജിത്ത് സവര്‍ക്കര്‍ പ്രതികരിച്ചു.
സത്യം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നാല്‍ ഇതിന്റെ പേരില്‍ സ്വാതന്ത്ര്യ സമരസേനാനിയായ സവര്‍ക്കറുടെ പേര് വലിച്ചിഴച്ച് ബിജെപിയെ അക്രമിക്കാനുള്ള ശ്രമമാണ് കൈവിട്ട് പോകുന്നത്. പ്രത്യേകിച്ച് ഹൈന്ദവ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പുതിയ സഖ്യകക്ഷി ശിവസേന കൂടി ആരാധിക്കുന്ന വ്യക്തിത്വമാണ് സവര്‍ക്കറിന്റേത്.