സവാരി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല ; സാങ്കേതിക പ്രശ്നങ്ങളെന്ന് വിശദീകരണം

തിരുവനന്തപുരം : കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ ടാക്സി സംവിധാനം അവതാളത്തിൽ. ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാൽ ഓൺലൈൻ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറിൽ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം.

രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസ് നിലവിൽ വരുന്നത്. കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

യാത്രക്കാർക്ക് മിതമായ നിരക്കിൽ സവാരി, മോട്ടോർ തൊഴിലാളികൾക്ക് മികച്ച വരുമാനം. ഇവ രണ്ടും സംയോജിപ്പിക്കുകയാണ് ‘കേരള സവാരി’യിലൂടെ സംസ്ഥാന സർക്കാർ. പദ്ധതിക്ക് ഇതര ഓൺലൈൻ സർവീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സർവീസ് ചാര്‍ജ്, മറ്റ് ഓൺലൈൻ സർവീസുകൾ പോലെ തിരക്ക് കൂടുമ്പോൾ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കിൽ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം. പൊലീസ് ക്ലിയറൻസുള്ള ഡ്രൈവർമാർ ആണ് ഇതിൽ ഉണ്ടാകുക

ഗതാഗത തൊഴിൽ വകുപ്പുകൾ സംയുക്തമായാണ് ‘കേരള സവാരി’ നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം ‘കേരള സവാരി’യിൽ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവർമാരിൽ 22 പേർ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഫലപ്രദമെന്ന് കണ്ടാൽ മറ്റ് ജില്ലകളിൽ തുടങ്ങുമെന്ന്’ കേരള സവാരി’ ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സവാരി ബുക്ക് ചെയ്യാൻ ഓൺലൈൻ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.

Top