സൗരവ് ഗാംഗുലി ഒരു രാഷ്ട്രീയ കളിപ്പാവയല്ലെന്ന് സിപിഎം നേതാവ് അശോക് ഭട്ടാചാര്യ

കൊല്‍ക്കത്ത:രാഷ്ട്രീയ പ്രവേശനത്തിന് അമിത സമ്മര്‍ദ്ദം ചെലുത്തിയതാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം വന്നതെന്ന് സി.പി.എം നേതാവ് അശോക് ഭട്ടാചാര്യ. ഗാംഗുലി ഒരു രാഷ്ട്രീയ കളിപ്പാവയല്ലെന്നും കായിക മേഖലയിലാണ് അദ്ദേഹത്തിന്റെ സംഭാവന വേണ്ടതെന്നും ഭട്ടാചാര്യ പ്രതികരിച്ചു.

ദിവസങ്ങള്‍ക്കു മുമ്പാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭയപ്പെടാനില്ലെന്നും ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലി സുഖം പ്രാപിച്ചു വരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് താന്‍ ഗാംഗുലിയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അത് അംഗീകരിച്ചുവെന്നും ഭട്ടാചാര്യ പറയുന്നു.

ഭട്ടാചാര്യ പറഞ്ഞ കാര്യങ്ങളോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് രംഗത്തെത്തുകയുണ്ടായി. മാനസിക പ്രശ്നമുള്ളവര്‍ക്കാണ് ഇങ്ങനെയെല്ലാം തോന്നുന്നതെന്നാണ് ഭട്ടാചാര്യയെക്കുറിച്ച് ദിലീപ് ഘോഷ് പറഞ്ഞത്. ഗാംഗുലി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ദിലീപ് പറഞ്ഞു.

മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശോഭന്ദേവ് ചാറ്റര്‍ജി, മുന്‍ ക്രിക്കറ്റ് താരവും മന്ത്രിയുമായ ലക്ഷ്മി രത്തന്‍ ശുക്ല, തൃണമൂല്‍ എം.എല്‍.എ ബൈശാലി ഡാല്‍മിയ, യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ ഗാംഗുലിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഗാംഗുലിയെ ബംഗാളില്‍ ബി.ജെ.പി രാഷ്ട്രീയത്തിലിറക്കാന്‍ പോവുകയാണെന്ന് നേരത്തേ വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗാംഗുലി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

Top