ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം നടപടിക്ക് തയ്യാറാവണം: സൗദി അറേബ്യ

റാനെതിരെ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി. ഇറാന്റെ ആണവായുധ നിര്‍മ്മാണ നീക്കങ്ങള്‍ തടയുന്നതിനും കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും നടപടി അത്യാവശ്യമാണെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിന്‌സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

അന്താരാഷ്ട്ര ആണവായുധ നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ യു.എന്‍ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ നാം ബാധ്യസ്ഥരാണ്. ഇറാന്റെ അന്താരാഷ്ട്ര കരാര്‍ ലംഘനങ്ങളെ പ്രതിരോധിക്കുന്നതിന് ലോക സമൂഹം തയ്യാറാവണം. പ്രത്യേകിച്ച് രണ്ടായിരത്തി പതിനഞ്ചിലെ ആണവ നിര്‍വ്യാപനവുമായ ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതിന് ഇറാനെ നിര്‍ബന്ധിതമാക്കണമെന്നും മന്ത്രി യു.എന്‍ രാഷ്ട്ര പ്രതിനിധികളോട് ആവശ്യപ്പെട്ടു. കരാറില്‍ നിശ്ചയിച്ച പരിധിയേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം സ്റ്റോക്ക് എന്നും മന്ത്രി പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു.

ആണവായുധം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ലോക സമൂഹം ഐക്യപ്പെടേണ്ടത് അത്യാവശ്യമാണ്. നിയമവിരുദ്ധമായി തീവ്രവാദ സംഘങ്ങള്‍ക്ക് ധനസഹായവും ആയുധങ്ങളും നല്കി അന്താരാഷ്ട്ര സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന രാജ്യങ്ങളെ പ്രത്യേകിച്ച് ഒറ്റപ്പെടുത്തണമെന്നാണ് തന്റെ രാഷ്ട്രത്തിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

Top