കൊറോണ; സൗദിയില്‍ നിന്നെത്തിയ ബംഗാള്‍ സ്വദേശി മരിച്ചു

കൊല്‍ക്കത്ത: കൊറോണ ലക്ഷണങ്ങളുമായി സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ബംഗാള്‍ സ്വദേശി മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജനാറുള്‍ ഹഖ് ആണ് മരിച്ചത്.

കടുത്ത പ്രമേഹരോഗിയായിരുന്ന ഹഖ് നാലു ദിവസമായി ചികിത്സയിലായിരുന്നു. കൊറോണബാധയാണ് മരണകാരണമായതെന്ന് കരുതുന്നില്ലെന്ന് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു. പ്രമേഹം ഗുരുതരമായതായിരിക്കാം മരണകാരണമെന്ന്
സംശയിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രമേഹം കടുത്തതിനൊപ്പം പനിയും ചുമയും ജലദോഷവും ഹഖിനുണ്ടായിരുന്നു. കൊറോണബാധ സംശയിച്ചതിനെ തുടര്‍ന്ന് മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കയയ്ക്കുകയും ചെയ്തിരുന്നു.പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ
മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു.

ഹഖിന് കൊറോണബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അധികൃതര്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ മൃതശരീരത്തില്‍ സ്പര്‍ശിക്കാനനുവദിക്കില്ലെന്നും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ച് മാത്രമേ അന്തിമകര്‍മങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Top