സൗദി എണ്ണ കേന്ദ്രത്തിനെതിരായ ആക്രമണം;പിന്നില്‍ ഇറാനോ?

റിയാദ്: സൗദി സര്‍ക്കാരിന്റെ ഉമസ്ഥതയിലുള്ള അരാംകോ എണ്ണക്കമ്പനിയുടെ റാസ് തനൂറ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഡ്രോണ്‍ ആക്രമണം മധ്യപൂര്‍വ ദേശത്ത് യുദ്ധത്തിന്റെ പുതിയ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ദഹ്റാനിലെ ഈ വലിയ എണ്ണ കേന്ദ്രത്തിലുണ്ടായ ആക്രമണം വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ കേന്ദ്രത്തിനെതിരായ ആക്രമണം ആഗോള കമ്പോളത്തില്‍ എണ്ണയുടെ വിലയില്‍ വലിയ വര്‍ധനവിന് കാരണമാവുകയുമുണ്ടായി.

ഇറാന്‍ പിന്തുണയോടെ യമന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍, മാര്‍ച്ച് ഏഴിനുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് പൂര്‍മണമായി വിശ്വസിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഒരേ സമയം എണ്ണ കേന്ദ്രത്തിന്റെ 17 ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു ശക്തമായ ആക്രമണം നടത്താനുള്ള സാങ്കേതിക ജ്ഞാനമോ ആയുധ ശേഷിയോ ഹൂത്തി വിമതര്‍ക്കില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പിന്‍മാറിയ ഇറാനുമായുള്ള ആണവ കരാര്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്നതിനിടയിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന ഇറാന്‍ തന്ത്രത്തിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സൗദി ആവട്ടെ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണ് പ്രഖ്യാപിച്ചുകഴിഞ്ഞു. അരാംകോ കേന്ദ്രത്തിനെതിരേ ഉപയോഗിച്ച ഡ്രോണ്‍ ഇറാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ചതാണെന്ന് തെളിവ് സഹിതം സൗദി സൈനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കിയിരുന്നു. എന്നു മാത്രമല്ല, യമനില്‍ നിന്നല്ല ഇറാന്റെ ഭാഗത്തുനിന്നാണ് എണ്ണ കേന്ദ്രത്തിനെതിരേ ആക്രമണം ഉണ്ടായതെന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി സൗദി അവകാശപ്പെട്ടിരുന്നു. സൗദിയുടെ തെക്ക് ഭാഗത്താണ് യമന്‍ എന്നിരിക്കെ, വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നാണ് ഡ്രോണ്‍ വന്നതെന്നാണ് നിഗമനം. ഇറാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ സൗദി അറേബ്യ തയ്യാറായിട്ടില്ല.

 

Top