ശൈത്യത്തിലും വിനോദത്തിന്റെ ചൂടിൽ സൗദി

റിയാദ്: ശൈത്യകാലത്തിന്റെ വരവറിയിച്ച് നേരിയ കുളിരണിയുമ്പോഴും ഉത്സവ ചൂടിലാണ് തലസ്ഥാന നഗരം. സൗദി അറേബ്യയില്‍ ഇനി മാസങ്ങളോളം തണുപ്പുകാലമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുളിര്‍കാറ്റും ഇളം ചൂടുള്ള പകലുമായി ശരത്കാലം പതിയെ കൊടും ശൈത്യത്തിന് വഴിമാറും. തണുത്ത രാത്രികളെ വിനോദത്തിന്റെ ചൂട് പകര്‍ന്ന് സജീവമാക്കുകയാണ് റിയാദ് സീസണ്‍. നഗര വാസികളെ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെയും വിദേശികളെയുമെല്ലാം ഒരു പോലെ ആനന്ദ തിമിര്‍പ്പിലാക്കുന്ന സീസണ്‍ ഉത്സവം കോവിഡ് മഹാമാരി എന്നൊന്ന് സംഭവിച്ചിട്ടേയില്ല എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.

ഒരു കടുത്ത പ്രതിസന്ധിയെ അതിജീവിച്ചതിന്റെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലായ്മ ചെയ്ത് പുതിയ ജീവിതത്തിനായി ഒരു നവോന്മേഷം പകര്‍ന്നുനല്‍കാന്‍ ആഘോഷങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഭീതിയുടെ നിഴലിലും പ്രതിസന്ധിയുടെ ആഴങ്ങളിലും പതിച്ചുപോയ മനസുകളെ വീണ്ടെടുക്കാന്‍ ജനങ്ങള്‍ തീവ്രമായി കാത്തിരുന്നതുപോലെയാണ് റിയാദ് സീസണ്‍ ആഘോഷത്തിലേക്ക് ആള്‍ക്കൂട്ടങ്ങള്‍ വന്നണയുന്നത്. അതാണ് ഒറ്റ മാസത്തിനുള്ളില്‍ 30 ലക്ഷം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു എന്ന കണക്ക് തെളിയിക്കുന്നത്.

മാസങ്ങള്‍ക്കപ്പുറം ഉത്സവത്തിന് തിരശീല വീഴുമ്പോഴേക്കും 20 ദശലക്ഷം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ലോക ശ്രദ്ധ നേടിയ ഉദ്ഘാടനോത്സവത്തിനും വിവിധയിനം പ്രദര്‍ശനങ്ങള്‍ക്കും ഇതിനോടകം റിയാദ് സീസണ്‍ സാക്ഷ്യം വഹിച്ചു. ആഗോള പ്രശസ്ത റാപ്പര്‍ പിറ്റ്ബുള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യവും പ്രകടനവും റിയാദ് സീസണെ ചരിത്രത്തില്‍ അടയാളപ്പെടുത്തി. കഴിഞ്ഞ ദിവസം ബോളീവാര്‍ഡ് വേദിയിലെത്തിയ വിഖ്യാത സിറിയന്‍ ഗായിക റാഷാ റിസ്‌കിന്റെ സംഗീത പരിപാടിക്ക് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സൗദിയില്‍ ആബാലവൃദ്ധം ആസ്വാദകരുള്ള താരമാണ് റാഷാ. പ്രിയ ഗായികയുടെ ഈരടികള്‍ക്കൊപ്പം കുട്ടികള്‍ നൃത്തം വെക്കുന്നതും മുതിര്‍ന്നവര്‍ താളം പിടിക്കുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

 

Top