മെയ് 17 മുതല്‍ സൗദിയ വിദേശ സര്‍വീസ് തുടങ്ങും

ജിദ്ദ: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ സജ്ജമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ. റമദാന്‍ മാസം കഴിഞ്ഞ് ശവ്വാല്‍ അഞ്ചിന് വിദേശ സര്‍വീസ് ആരംഭിക്കുമെന്ന് സൗദിയ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍ വ്യക്തമാക്കി. മെയ് 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദിയ ഒരു പരസ്യം ട്വീറ്റ് ചെയ്തിരുന്നു. ‘നിങ്ങള്‍ ബാഗുകള്‍ പായ്ക്ക് ചെയ്‌തോ?’ എന്നായിരുന്നു പരസ്യത്തിലെ വാചകം. വിമാനയാത്രയ്ക്കായി ബാഗുകള്‍ ഒരുക്കിവച്ച ചിത്രത്തോടൊപ്പമായിരുന്നു ഈ കാപ്ഷന്‍. 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരിക്കുന്ന വിദേശ വിമാന സര്‍വീസുകള്‍ മെയ് 17ന് തന്നെ പുനരാരംഭിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിമാനയാത്രാ വിലക്ക് പല തവണകളായി ദീര്‍ഘിപ്പിച്ചിരുന്നുവെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍.

Top