സൗദി സഖ്യസേന ആക്രമണം ശക്തമാക്കി;യമനില്‍ ഭക്ഷ്യ പ്രതിസന്ധിയും രൂക്ഷം

യമന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ഭക്ഷ്യ പ്രതിസന്ധിയും രൂക്ഷം. ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയതാണ് ഭക്ഷ്യ ക്ഷാമം രൂക്ഷമാകാന്‍ കാരണം.

യമനിലേക്കുള്ള 70 ശതമാനം ഭക്ഷ്യവസ്തുക്കളും എത്തുന്നത് ഹുദൈദ തുറമുഖം വഴിയാണ്. ഹൂതികള്‍ പിടിച്ചെടുത്ത ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ സൗദി സഖ്യ സേന ശ്രമം തുടങ്ങിയത് കഴിഞ്ഞ ജൂണിലാണ്. യമനിലെ പ്രധാന ഭക്ഷ്യ ശേഖരണ കേന്ദ്രങ്ങളെല്ലാം തന്നെ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹുദൈദ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ഭക്ഷ്യക്ഷാമം വീണ്ടും വര്‍ദ്ധിക്കും.

അതേ സമയം, ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ ഭക്ഷ്യക്ഷാമം ഭാവി തലമുറയെത്തന്നെ ഇല്ലാതാക്കുന്നുവന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നല്ല ആഹാരവും പോഷക ഗുണങ്ങളും ലഭിക്കാതെ 50 ലക്ഷത്തിലേറെ കുട്ടികളാണ് രാജ്യത്ത് പട്ടിണിയുടെ പിടിയില്‍ കഴിയുന്നതെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചാരിറ്റി സേവ് ദ ചില്‍ഡ്രന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ഐക്യ രാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം യമനിലെ 29 മില്ല്യണ്‍ ആളുകളില്‍ 18 മില്യണ്‍ ആളുകളും ഭക്ഷ്യക്ഷാമം നേരിടുന്നവരാണ്. ഇതില്‍ 8 മില്യണ്‍ ആളുകള്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. 3.5 മില്യണോളം ആളുകള്‍ നേരിടുന്നത് അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയാണെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു.

Top