ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക രാഷ്ട്രങ്ങളിലേക്കാള്‍ സുരക്ഷിതരെന്ന് സൗദി യുവതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരേക്കാള്‍ സുരക്ഷിതരാണെന്ന സൗദി യുവതി. ഓണ്‍ലൈന്‍ സംശയ നിവാരണ പ്ലാറ്റ്ഫോമായ ക്വാറയിലാണ് ആയിഷ ഫഹ്ദ എന്ന യുവതി ഇന്ത്യയെ വാഴ്ത്തി എത്തിയത്.

ഇന്ത്യയിലെ മുസ്ലിങ്ങളെ രക്ഷിക്കാന്‍ പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ എന്തുകൊണ്ട് സംയുക്ത ആക്രമണം നടത്തുന്നില്ല എന്ന ചോദ്യത്തിനാണ് ആയിഷയുടെ മറുപടി. നൂറോളം മറുപടികളില്‍ നിന്നാണ് ആയിഷയുടെ ഉത്തരം ശ്രദ്ധ പിടിച്ചുപറ്റിയത്.

ആയിഷയുടെ മറുപടി;

ഞാന്‍ ഒരു ഇന്ത്യക്കാരിയല്ല. എന്നാല്‍ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരേക്കാള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നാണ് എന്റെ അഭിപ്രായം. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ശരിയത്ത് നിയമമാണ് മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളിലും നടപ്പിലാക്കുന്നത്. സൗദി അറേബ്യയില്‍ ജനിച്ചുവളര്‍ന്ന തന്റെ ബാല്യകാലം മുഴുവന്‍ അവിടെയായിരുന്നു. ആറ് വയസുള്ളപ്പോള്‍ തന്നെ പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. ഇസ്ലാമിക വിശ്വാസങ്ങളില്‍ നിന്ന് പുറത്തുപോയതിന് ഒരാളെ വധിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. കളവ് ചെയ്തതിന് ഒരാളുടെ ഇടതുകൈ വെട്ടുന്നതും, സ്വവര്‍ഗരതി ആരോപിച്ച് മൂന്ന് പേരെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊല്ലുന്നതിനും താന്‍ ദൃക്സാക്ഷിയായിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം നടക്കുന്നത് ശക്തമായ ശരിയത്ത് നിയമം നിലനില്‍ക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിലാണ്.

എന്നാല്‍ ലോകത്തിലെ തന്നെ മികച്ച ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു ഭരണഘടനയുണ്ട്. 22 വയസ് മുതല്‍ താന്‍ സ്വീഡനിലാണ് ജീവിക്കുന്നത്. ഇന്ത്യാക്കാരനായ എന്റെ പുരുഷ സുഹൃത്തിനൊപ്പം കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. നല്ല ഹൃദയത്തിന് ഉടമകളായ ഇന്ത്യാക്കാര്‍ തങ്ങളുടെ മതേതരത്വ മൂല്യങ്ങള്‍ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് പാകിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും തങ്ങളുടെ പൗരന്മാരുടെ കാര്യം നോക്കുന്നതാണ് നല്ലത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും അവിടെ ജീവിച്ചോട്ടെ.

Top