മല്ലു ട്രാവലറിനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും

കൊച്ചി: വ്ളോഗര്‍ മല്ലു ട്രാവലറിനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് സൗദി യുവതി മൊഴി നല്‍കുക. നിലവില്‍ ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹോട്ടലില്‍ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വ്‌ലോഗറും യുട്യൂബറുമായ ഷാക്കിര്‍ സുബ്ഹാനു പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടന്‍ ഹാജരാകാനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് നിര്‍ദേശം നല്‍കിയത്.

അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. ഒരാഴ്ച മുന്‍പാണ് സംഭവം. വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.

Top