സൗദി വെള്ളക്ക’ ഡിസംബ‍ർ രണ്ടിന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം: അല്ല ഈ സൗദി ദുബായിൽ അല്ലേ, ഈ വെള്ളക്ക എന്നത് മച്ചിങ്ങയല്ലേ അതോ കൊച്ചെക്കയാണോ, ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ! ഏയ്, ഈ കൺഫ്യൂഷനൊക്കെ ഡിസംബർ രണ്ട് വരെ ആയുസ്സുള്ളൂ. കാരണം ‘സൗദി വെള്ളക്ക’ ഡിസംബ‍ർ രണ്ടിന് തിയേറ്ററുകളിലെത്തും. സൈബർ പോലീസുകാരുടെ കഥ പറഞ്ഞ ‘ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന സിനിമയായതിനാൽ തന്നെ കുന്നോളം പ്രതീക്ഷയാണ്. മാത്രമല്ല ചിത്രം കാണാൻ ഒട്ടനവധി കാരണങ്ങൾ വേറെയുമുണ്ട്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യന്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ നിലയ്ക്കാത്ത കയ്യടികളുമായാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഓപ്പറേഷൻ ജാവയ്ക്കും മുകളിലുള്ള തരുൺ മൂർത്തി ചിത്രമെന്നാണ് ഷോ കണ്ട ശേഷം പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

തന്‍റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റടിച്ച് ഞെട്ടിച്ച സംവിധായകനാണ് തരുൺ മൂര്‍ത്തി. ഓപ്പറേഷൻ ജാവ എന്ന തന്‍റെ ആദ്യ സിനിമയ്ക്ക് ശേഷം അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന സൗദി വെള്ളക്ക സോഷ്യൽ ഡ്രാമ ജോണറിലുള്ള സിനിമയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നിൽ നിരവധിപേരുടെ ആകാംക്ഷ ജനിപ്പിക്കുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം. തരുൺ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഓപ്പറേഷൻ ജാവയിൽ എഎസ്ഐ ജോയ് ആയെത്തിയ ബിനു പപ്പുവും വിനയദാസനായെത്തിയ ലുക്മാൻ അവറാനും ശ്രദ്ധേയമായ വേഷത്തിൽ സൗദി വെള്ളക്കയിലും ഉണ്ട്. ഇവരെ കൂടാതെ സിദ്ധാർഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലൻ, റിയ സെയ്റ, ധന്യ, അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ഒട്ടനവധി പേരുമുണ്ട്. അവരിൽ പ്രധാനമായും ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ അനേകം പ്രഗത്ഭ കലാകാരികളും കലാകാരന്മാരുമാണ്. ഇവരൊക്കെ ഈ ചിത്രത്തിൽ ഞെട്ടിക്കുമെന്നുറപ്പാണ്.

മലയാളത്തിൽ അത്ര കണ്ടു പരിചയമില്ലാത്ത റിയലിസ്റ്റിക് കോടതിയും ഈ സിനിമയിൽ കാണാനാകും. ഇതിനായി യഥാർത്ഥ പോലീസുകാരും അഭിഭാഷകരും തന്നെ സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നു എന്നതുകൂടി ഓര്‍ക്കണം. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായ മജിസ്ട്രേറ്റിന്‍റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മമ്മൂട്ടി ചിത്രമായ മനു അങ്കിളിലെ കേന്ദ്രകഥാപാത്രങ്ങളായ നാല് കുട്ടികളിലൊരാളായി അഭിനയിച്ച കുര്യൻ ചാക്കോയാണ്. മനു അങ്കിളിൽ നാല്‍വര്‍ കുട്ടി സംഘത്തിന്‍റെ ലീഡറായിരുന്ന ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കുര്യന്‍ ചാക്കോയായിരുന്നു. നീണ്ട 34 വര്‍ഷങ്ങൾക്ക് ശേഷമാണ് സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമാലോകത്ത് സജീവമാകുന്നത്.

ഉർവശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ചതാണ് സിനിമ. ദേശീയ പുരസ്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും, ബിജു മേനോൻ നായകനായ സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകൾക്ക് ശേഷം സന്ദീപ് സേനൻ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. ഹരീന്ദ്രൻ ആണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാൻസിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

ശബ്‍ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ‍്‍ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്‍റ്: ധനുഷ് വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, വിഎഫ്എക്സ് എസെൽ മീഡിയ, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

Top