അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി

സൗദി: 2020  മാര്‍ച്ചില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള അന്തിമ ഘട്ട ഒരുക്കങ്ങൾ പൂര്‍ത്തിയായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മേയ് 17 മുതല്‍ ആണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാജ്യത്തിന് പുറത്തേക്കുള്ള സ്വദേശികളുടെ യാത്രയും രാജ്യത്തേക്കു മടങ്ങിയെത്തുന്നവരുടെ യാത്രയും ആണ് പുനരാരംഭിക്കുന്നത്. രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളും യാത്രക്കാരെ സ്വീകരിക്കാന്‍ സജ്ജമാണെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ ജിഎസിഎ വിമാനക്കമ്പനികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ എടുത്ത പൗരന്മാരുടെ രാജ്യത്തിന് പുറത്തേക്കുള്ള യാത്രയും തിരിച്ചുവരവും അനുവദിച്ച് കൊണ്ടാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മേയ് 17 മുതല്‍ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും, ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും, കൊവിഡ് ബാധിച്ച് മുക്തി നേടി ആറുമാസം കഴിയാത്തവര്‍ക്കും ആണ് അധികൃതര്‍ നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത്. ഇവര്‍ക്ക് യാത്ര അനുവദിക്കുന്നത് തവക്കല്‍നാ ആപ്പില്‍ പ്രദര്‍പ്പിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചായിരിക്കും എന്നും അധികൃതര്‍ പറഞ്ഞു.

 

Top