സൗദിയില്‍ സ്‌റ്റേഡിയങ്ങള്‍ തുറക്കുന്നു; വാക്‌സിനെടുത്തവര്‍ക്ക് പ്രവേശനം

റിയാദ്: ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച റിയാദിലെ മര്‍സൂല്‍ പാര്‍ക്കില്‍ നടക്കുന്ന സൗദി-ഫലസ്തീന്‍ ഫുട്‌ബോള്‍ മല്‍സരം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവസരം. അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ മത്സരങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്ന് സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സൗദിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌റ്റേഡിയങ്ങളുടെ 40 ശമതാനം കപ്പാസിറ്റിയില്‍ മെയ് 17 മുതലാണ് പ്രവേശനം അനുവദിക്കുക.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കിക്കൊണ്ടാണ് ചൊവ്വാഴ്ച നടക്കുന്ന സൗദി ദേശീയ ടീമും ഫലസ്തീന്‍ ടീമും തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരത്തിലേക്ക് കാണികള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിലേക്കും 2023ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്കുമുള്ള യോഗ്യതാ മല്‍സരമാണ് സൗദി, ഫലസ്തീന്‍ ടീമുകള്‍ തമ്മില്‍ നടക്കുന്നത്. കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ തവക്കല്‍നാ ആപ്പില്‍ വാക്‌സിന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാവൂ. മാസ്‌ക്ക് ധാരണം, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹ്യ അകലം പാലിച്ച് ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സംഘാടകര്‍ വ്യക്തമാക്കി.

Top