സൗദിയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

terrorists

റിയാദ്: സൗദിയിലെ ഖത്തീഫില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സ്വദേശികളായ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് കുവൈകബ് ഡിസ്ട്രിക്ടില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച മൂന്നു പേര്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായി മനസിലാക്കിയ സുരക്ഷ ഉദ്യോഗസ്ഥര്‍ കെട്ടിടം വളയുകയായിരുന്നു.

എന്നാല്‍ കീഴടങ്ങാനുള്ള നിര്‍ദേശം ഇവര്‍ നിരസിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടി വെയ്ക്കുകയും, മൂന്നു പേരും കൊല്ലപ്പെടുകയുമായിരുന്നു. മരിച്ച മൂന്നു പേരും സ്വദേശികളാണ്.

മുഹമ്മദ് ഹസന്‍ അല്‍ സയിദ്, മുഫീദ് ഹംസ അലി അല്‍അവാദ്, ഖലീല്‍ ഇബ്രാഹീം ഹസന്‍ അല്‍മുസ് ലിം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Top