സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വൈകുന്നു; വിവാദം കൊഴുക്കുന്നു

ജിദ്ദ: സൗദിയില്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം മന്ദഗതിയില്‍. ഇതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. സൗദിയിലെ ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ വൈകുന്നത് അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പരിഗണിച്ചാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കത്തിനില്‍ക്കുന്ന ആരോപണം. രണ്ടാം ഡോസിനായി കാത്തുനില്‍ക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ പോകുന്നില്ലെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവാദം സോഷ്യല്‍ മീഡിയയില്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം രംഗത്തെത്തി.

രണ്ടാം ഡോസിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ആഗോള തലത്തില്‍ വാക്‌സിന്‍ വിതരണത്തിലുണ്ടായ കാലതാമസമാണ് രാജ്യത്തും രണ്ടാം ഡോസ് വിതരണം വൈകാന്‍ കാരണമെന്നും ട്വിറ്റര്‍ അക്കൗണ്ടിലൂടെ മന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ ഡോസുകള്‍ വച്ച് രാജ്യത്തെ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം മുന്നോട്ടുപോവുന്നത്. കൂടുതല്‍ വാക്‌സിന്‍ ഷിപ്‌മെന്റുകള്‍ വരുന്നതിനനുസരിച്ച് രണ്ടാം ഡോസ് വിതരണം ഷെഡ്യൂള്‍ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Top