പ്രൊഫഷന്‍ മാറ്റത്തിനുള്ള അപേക്ഷകളില്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന തീരുമാനമെടുക്കും

saudi

സൗദി: സൗദിയില്‍ പുനരാരംഭിച്ച പ്രൊഫഷന്‍ മാറ്റത്തിനുള്ള അപേക്ഷകളില്‍ ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. സൗദിവത്കരണം നടക്കുന്നതിനാല്‍ തൊഴില്‍ വിപണിയുടെ ആവശ്യമനുസരിച്ച് മാത്രമേ പ്രൊഫഷന്‍ മാറ്റം അനുവദിക്കുകയുള്ളു. കര്‍ശന ഉപാധികളോടെയാകും സൗദിയില്‍ പ്രൊഫഷന്‍ മാറ്റം നടപ്പിലാവുന്നത്. പ്രൊഫഷന്‍ മാറ്റത്തിനുള്ള അപേക്ഷ ലളിതമായ ഘട്ടങ്ങളിലൂടെ സമര്‍പ്പിക്കാം.

യോഗ്യതയുള്ള തസ്തികകളിലേക്ക് വിദേശികള്‍ക്ക് ജോലി മാറുന്ന പ്രക്രിയ പുനരാരംഭിച്ചിട്ടുണ്ട്. മുഹറം ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും. തൊഴില്‍ വിപണിയില്‍ മതിയായ ജീവനക്കാരില്ലാത്ത മേഖലയിലേക്കാകും പ്രൊഫഷന്‍ മാറ്റം വേഗത്തില്‍ അനുവദിക്കുന്നത്. ഇക്കാര്യം അപേക്ഷ കൊടുത്താല്‍ മാത്രമേ അറിയാന്‍ സാധിക്കൂ. ആവശ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് അത് നേരിട്ട് സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്‌പോണ്‍സര്‍ വഴിയോ ജോലി ചെയ്യുന്ന കമ്പനി മുഖേനയോ ആണ് തൊഴില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കേണ്ടത്.

മൂന്ന് ഘട്ടമായി എളുപ്പത്തില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. ഒന്ന്, സ്‌പോണ്‍സറുടേയോ കമ്പനിയുടെയോ വഴി മുഖീം വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. രണ്ട്, തൊഴിലാളിയുടെ ഇഖാമ നമ്പര്‍, നിലവിലെ തൊഴില്‍, മാറാനുദ്ദേശിക്കുന്ന തൊഴില്‍ എന്നിവ രേഖപ്പെടുത്തുക. മൂന്ന്, അപേക്ഷയും രേഖകളും സ്‌പോണ്‍സര്‍ വഴി മുഖീം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. ഇതോടെ മന്ത്രാലയം അപേക്ഷ സ്വീകരിക്കും. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

ജോലിക്കാരെ ആവശ്യമുള്ള മേഖലയാണെങ്കില്‍ മാത്രം അപേക്ഷകന് ജോലിയിലേക്ക് മാറ്റമാകും. അല്ലെങ്കില്‍ നിരസിക്കും. എന്നാല്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്, അക്കൗണ്ടിങ് മേഖലയിലെ ജോലികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കൗണ്‍സിലിന്റെ അംഗീകാരത്തോടെ മാത്രമേ ഇഖാമയിലെ ജോലി മാറാനാകൂകയുള്ളു.

വിപണിയിലെ സാധ്യത പരിശോധിച്ച് ഇവരില്‍ നിന്നും ലഭിക്കുന്ന എന്‍ഒസിയൊടൊപ്പം അപേക്ഷ സമര്‍പ്പിക്കാം. സൗദി വത്കരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടാണ് മാറ്റം നിശ്ചയിക്കുക.

Top