സൗദിയിലെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിലെ അഞ്ചു സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക്

സൗദി : സൗദിയില്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍വത്ക്കരിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, പാസ്‌പോര്‍ട്ടുകളിലേക്കുള്ള വിവരങ്ങളുടെ പകര്‍ത്തല്‍ എന്നിവ ഇനി ഓണ്‍ലൈന്‍ വഴി ചെയ്യാം. ആകെ അഞ്ചു സേവനങ്ങളാണ് ഓണ്‍ലൈനിലേക്ക് മാറിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലായ അബ്ശിര്‍ വഴി അഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും. വിദേശികളുടെ പഴയ പാസ്‌പോര്‍ട്ടുകളില്‍ നിന്ന് വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കിയ പാസ്‌പോര്‍ട്ടുകളിലേക്ക് മാറ്റുന്ന നഖ്‌ലുല്‍മഅ്‌ലൂമാത്ത് സേവനവും ഓണ്‍ലൈന്‍വല്‍ക്കരിച്ചു.

വിസിറ്റ് വിസയില്‍ നിന്നും സ്ഥിര വിസയിലേക്ക് മാറുന്ന രേഖപ്പെടുത്തലും, നഖല്‍ മഅലൂമാത്ത് പരിധിയില്‍ പെടുന്നതാണ്. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളായ അബ്ശിറും, മുഖീമും വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മറ്റുള്ളവരെ നിയമാനുസൃതം ചുമതലപ്പെടുത്തുന്നതിന് സൗദി പൗരന്മാരെ അനുവദിക്കുന്ന സേവനവും ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്. ഇവക്കു പുറമെ വ്യവസായികളെ ലക്ഷ്യമിട്ട് ബിസിനസ്‌മെന്‍ പ്ലാറ്റ്‌ഫോമും ആരംഭിച്ചു. ബിസിനസ് പ്ലാറ്റ്ഫോം സംവിധാനവും ഓണ്‍ലൈന്‍ വഴിയാക്കി.

തങ്ങളുടെ ഉടമസ്ഥതയിലുള്ള ഓരോ സ്ഥാപനവുമായും ബന്ധപ്പെട്ട് ജവാസാത്ത് ഡയറക്ടറേറ്റിലുള്ള കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയുന്നതിന് ബിസിനസ്‌മെന്‍ പ്ലാറ്റ്‌ഫോം വ്യവസായികളെ സഹായിക്കും. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍വല്‍ക്കരിക്കും.

Top