സൗദി ബന്ധങ്ങളെ പിടിച്ചുലച്ച് ഖഷോജിക്കേസ്; കൂട്ടു കൂടാന്‍ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് വിദേശ മന്ത്രാലയം. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോജിയുടെ തിരോധാനത്തെത്തുടര്‍ന്ന് പല പ്രമുഖരും സമ്മേളനം ബഹിഷ്‌ക്കരിച്ചിരുന്നു. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മൂസിനും യൂറോപ്പില്‍ നിന്നുള്ള പ്രതിനിധികളുമാണ് സമ്മേളനം ബഹിഷ്‌ക്കരിച്ചത്.

ഖഷോജിയുടെ തിരോധാനം സൗദിയുടെ നയതന്ത്ര ബന്ധത്തെ വലിയ തോതിലാണ് ബാധിക്കുന്നത്. സൗദി കോണ്‍സുലേറ്റിലേയ്ക്ക് കടന്നതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ കാണാതാകുന്നത്. ഇവിടെ വച്ച് ഖഷോജി കൊല്ലപ്പെട്ടേക്കാം എന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിലയിരുത്തല്‍.

എന്നാല്‍ പാക്കിസ്ഥാനെ സംബന്ധിച്ച് സാമ്പത്തികമായി ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കടബാധ്യതകള്‍ സര്‍ക്കാരിനെ നട്ടം തിരിക്കുകയാണ്. ലോകബാങ്കില്‍ നിന്ന് വലിയ തുകയാണ് പാക്കിസ്ഥാന്‍ പുതിയതായി എടുക്കുന്നത്. രാജ്യത്തെ അന്താരാഷ്ട്ര നിക്ഷേപ കേന്ദ്രമായി മാറ്റാനാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ പ്രമുഖരായ ബിസിനസ് സംരംഭകരുമായി ബന്ധം സ്ഥാപിക്കാനും രാജ്യത്തേയ്ക്ക് അവരെ ക്ഷണിക്കാനും വലിയ അവസരമാണ് സൗദി സമ്മേളനത്തില്‍ ലഭിക്കുക. ഇത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.

ചൈനയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമാണ് പാക്കിസ്ഥാന്‍ നിലവില്‍ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നത്. ജിഡിപി നിരക്കിലും വലിയ തകര്‍ച്ചയാണ് പാക്കിസ്ഥാന്‍ നേരിടുന്നത്.

ജമാല്‍ ഖഷോജിയുടെ തിരോധാനം അന്താരാഷ്ട്ര രംഗത്ത് വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു അദ്ദേഹം. അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്ന സംശയങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നിരുന്നു. കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്തണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഖഷോജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഒരു സംഘം സൗദി പുരോഹിതന്മാരും രംഗത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് പുരോഹിതര്‍ അദ്ദേഹത്തിന് കത്തയയ്ക്കുകയും ചെയ്തു.

ഖത്തറിനെയും യമനിലെ സൗദിയുടെ ഇടപെടലിനെയും ഖഷോജി ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതിന്റെ പേരില്‍ അദ്ദേഹത്തെ സൗദി നാട് കടത്തിയിരുന്നു.

Top