Saudi-nursing-recritment-india-goverment-action

തിരുവനന്തപുരം: സ്വകാര്യ നഴ്‌സിങ് തട്ടിപ്പു കമ്പനികള്‍ക്കെതിരെ ഐബി അന്വേഷണം തുടങ്ങി. സ്വകാര്യ ഏജന്‍സികള്‍ വഴി നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ നടത്തണമെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണം.

നല്ലരൂപത്തില്‍ പ്രവര്‍ത്തിക്കുകയും വിശ്വാസ്യത തെളിയിക്കുകയും ചെയ്ത സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി കേന്ദ്രസര്‍ക്കാരിന് കൈമാറും.

റിക്രൂട്ട്‌മെന്റ് നടത്തുന്ന പല തട്ടിപ്പ് കമ്പനികള്‍ക്കും സംസ്ഥാനഭരണത്തിലടക്കം സ്വാധീനമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇത് സംബന്ധമായ റിപ്പോര്‍ട്ട് തേടാത്തതെന്നാണ് ലഭിക്കുന്ന സൂചന.

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം കൊണ്ടുവരാനും തട്ടിപ്പ് കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിരോധിക്കുന്നതിലും ഐബി റിപ്പോര്‍ട്ട് നിര്‍ണ്ണായകമാവും.

നേരത്തെ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ചില റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ഇന്‍കംടാക്‌സും റെയ്ഡുകള്‍ നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.

അനധികൃത റിക്രൂട്ട്‌മെന്റ് രേഖകള്‍ക്കു പുറമെ കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഈ കേസുകളിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പ്രത്യേകമായി ഐബി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

റെയ്ഡ് നടത്തിയ ചില ഉദ്യോഗസ്ഥര്‍ ചില റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി ഒത്തുകളിച്ചെന്ന പരാതിയെ തുടര്‍ന്നാണിത്.

ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ സൗദിസര്‍ക്കാരിന്റെ കത്തിന്മേല്‍ നടപടി സ്വീകരിക്കുക. ഇത് മറ്റ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കും ബാധകമായിരിക്കും.

റിക്രൂട്ട്‌മെന്റിലെ സങ്കീര്‍ണതകള്‍ നീക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

കേരളത്തിലേയും തമിഴ്‌നാട്ടിലേയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ 11 സ്വകാര്യ ഏജന്‍സികള്‍ വഴി കൂടി റിക്രൂട്ട്‌മെന്റ് നടത്താന്‍ അനുവദിക്കണമെന്നാണ് സൗദിയുടെ ആവശ്യം. റിക്രൂട്ട്‌മെന്റിനായി അടുത്ത തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തുന്നുണ്ട്.

ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലാണ് അഭിമുഖമെന്നും തീയതി പിന്നാലെ അറിയിക്കുമെന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞിടെ സ്വകാര്യ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ സൗദി നീക്കം നടത്തിയിരുന്നെങ്കിലും മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കി ചുരുക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.

റിക്രൂട്ട്‌മെന്റ് നടത്തുന്ന വിദേശ സ്ഥാപനം തന്നെ ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ ചെലവും വഹിക്കണമെന്ന സങ്കീര്‍ണ വ്യവസ്ഥകളും ഇന്ത്യ കൊണ്ടുവന്നിരുന്നു. ഇതോടെ പല രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

Top