സൗദിയിലെ വാര്‍ത്താ ചാനലില്‍ ആദ്യമായി വാര്‍ത്ത അവതരിപ്പിക്കാന്‍ വനിതയും

റിയാദ്: സൗദിയിലെ വാര്‍ത്താ ചാനലില്‍ ആദ്യമായി പ്രധാന വാര്‍ത്താ ബുള്ളറ്റിന്‍ ഒരു സ്ത്രീ അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സൗദി ഭരണകൂടം നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്ണില്‍ ഒരു വനിതാ അവതാരകയെത്തിയത്.

വിയാം അല്‍ ദഖീലാണ് പ്രധാനപ്പെട്ട വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ച ആദ്യ സൗദി വനിത എന്ന നേട്ടത്തിന് ഉടമയായത്. ഒമര്‍ അല്‍ നശ്വാനൊപ്പം രാത്രി 9.30നുള്ള വാര്‍ത്താ പരിപാടിയാണ് വിയാം അവതരിപ്പിച്ചത്. സാധാരണ ഗതിയില്‍ രാവിലെയുള്ള വാര്‍ത്താ അധിഷ്ഠിത പരിപാടികളോ വനിതകള്‍ക്കുള്ള പ്രത്യേക പരിപാടികളോ, കാലാവസ്ഥാ വിവരണങ്ങള്‍, കുക്കറി ഷോകള്‍ തുടങ്ങിയവയൊക്കെയാണ് സൗദി ചാനലുകളില്‍ സ്ത്രീകള്‍ അവതരിപ്പിക്കാറുള്ളത്.

2016ലാണ് ജുമാന അല്‍ ഷാമി എന്ന വനിത ആദ്യമായി രാവിലെയുള്ള വാര്‍ത്താ പരിപാടി അവതരിപ്പിച്ചത്. പ്രധാനപ്പെട്ട വാര്‍ത്താ ബുള്ളറ്റിനില്‍ അവതാരകയായി വിയാം അല്‍ ദഖീം രചിച്ചത് പുതുചരിത്രവും.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന സൗദി വിഷന്‍ 2030 പദ്ധതിയുടെ പ്രധാന അജണ്ടകളിലൊന്നാണ് സ്ത്രീ മുന്നേറ്റം. വനിതകള്‍ക്ക് ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങളും വിഷന്‍ 2030ന്റെ ഭാഗമാണ്.

Top