റിയാദ്: സൗദിയില്‍ ആറ് നിറങ്ങളില്‍ വര്‍ണം ചാര്‍ത്തി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ ബൃഹദ് പദ്ധതി നഗരത്തിലെത്തുന്നത്.
നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്. ഒലയബത്ഹ റൂട്ടിലോടുന്ന ട്രെയിന്‍ ലൈനിന് നിറം നീലയാണ്. കിങ് അബ്ദുള്ള റൂട്ടിന് ചുവപ്പും, പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ വഴിയുള്ള ലൈനിന് ഓറഞ്ചും, റിയാദ് രാജ്യാന്തര വിമാനത്താവളം ലൈനിന് മഞ്ഞയും, കിങ് അബ്ദുല്‍ അസീസ് ലൈനിലിന് പച്ചയും, കിങ് അബ്ദുള്ള ഫൈനാന്‍ഷ്യല്‍ സിറ്റിയും ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടുന്ന ട്രാക്കിന് പര്‍പ്പിള്‍ നിറവുമാണ് നല്‍കിയിട്ടുള്ളത്. 75 ശതമാനം പണി പൂര്‍ത്തിയായെന്നും, ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അറിയിച്ചു.
ട്രെയിനിനോടൊപ്പം മെട്രോ ബസുകളും നിരത്തിലിറങ്ങും. 22 ട്രാക്കും ആറായിരം ബസ് സ്റ്റേഷനുകളും അത്യാധുനിക രീതിയിലുള്ള വെയ്റ്റിങ് സ്റ്റേഷനുകളും ബസ് സര്‍വീസിന്റെ ഭാഗമായുണ്ടാകും. ട്രെയിനും ബസും നിരത്തിലിറങ്ങുന്നതോടെ വലിയ രീതിയുള്ള ഗതാഗത കുരുക്കിനും യാത്ര ചെലവിനുമാണ് പരിഹാരമാകുന്നത്. താമസ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ജോലി സ്ഥലത്തെത്താന്‍ തിരക്കുള്ള സമയത്ത് ഒരു മണിക്കൂറോളം ചെലവിടേണ്ടി വരുന്നുണ്ട്.