യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന

സൗദി : സൗദിയില്‍ ആരാംകോ ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന. വിദൂര നിയന്ത്രിത ബോട്ടുകളും കടല്‍മൈനുകളും നിര്‍മിക്കുന്ന ഹൂതികളുടെ 4 കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഹുദൈദ തുറമുഖമാണ് ഹൂതികളുടെ ഭീകരാക്രമണ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്കും വ്യാപാരത്തിനും തടസ്സം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് സഖ്യസേന സൈനിക നടപടിയിലൂടെ തകര്‍ത്തത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും സാധാരണ ജനങ്ങള്‍ക്ക് ആള്‍നാശമുണ്ടാക്കിയിട്ടില്ലെന്നും സഖ്യസേന അറിയിച്ചു.

അതേ സമയം ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ഹോര്‍മുസ്, ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് തടയാന്‍ അന്താരാഷ്ട്ര നാവിക സുരക്ഷ സഖ്യത്തില്‍ സൗദിയും അംഗമായിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടണ്‍, ആസ്‌ത്രേലിയ, ബഹ്‌റൈന്‍ രാജ്യങ്ങളും സഖ്യത്തില്‍ അംഗങ്ങളാണ്.

Top