യമനില്‍ സൗദി സഖ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 68 ഓളം കുട്ടികളെന്ന് റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക്: യമനില്‍ ഹൂതി വിമതര്‍ക്കെതിരേ അറബ് സൈനിക സഖ്യം നടത്തിയ ആക്രമണത്തില്‍ 2017 ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 68 കുട്ടികള്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ റിപ്പോര്‍ട്ട്.

യുദ്ധ വേളകളിലെ കുട്ടികളുടെ കാര്യങ്ങളെ കുറിച്ച് പഠിക്കുന്ന യു.എന്‍ ഏജന്‍സി ജനുവരി 19ന് ചേരാനിരിക്കുന്ന യു.എന്‍ രക്ഷാസമിതിക്ക് നല്‍കുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

ഓരോ ദിവസവും ചുരുങ്ങിയത് 20 വ്യോമാക്രമണങ്ങള്‍ അറബ് സംഖ്യം ഇവിടെ നടത്തുന്നതായാണ് കണക്കുകള്‍. ഇവയില്‍ പലതും സ്‌കൂളുകളും വീടുകളും ലക്ഷ്യമാക്കിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ക്കെതിരേ 2015ലാണ് സൗദി സഖ്യം യമനില്‍ സൈനിക ഇടപെടല്‍ ആരംഭിച്ചത്. വ്യോമാക്രമണത്തിന് പുറമെ, യമന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് യമനികള്‍ പട്ടിണിയിലായിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ അഭ്യര്‍ഥന പ്രകാരമാണ് തങ്ങള്‍ യമനില്‍ ഇടപെടുന്നതെന്നാണ് സൗദി സഖ്യത്തിന്റെ വാദം.

അതേസമയം, ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ 18 കുട്ടികള്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും യു.എന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൂത്തികള്‍ സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Top